കൊച്ചി-കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസും കേരള മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയെ ദുരൂഹമാക്കി അവതരിപ്പിച്ച് മാധ്യമങ്ങൾ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറുമായി മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം ഗസ്റ്റ് ഹൗസിൽ നാൽപത് മിനിറ്റോളം ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഹൈക്കോടതി അഡ്വക്കറ്റ് സൈബി ജോസിനെതിരായ കേസിന്റെ പശ്ചാതലത്തിലാണ് കൂടിക്കാഴ്ച എന്ന നിലയിൽ മാധ്യമങ്ങൾ രാവിലെ മുതൽ വാർത്തകളും നൽകി.
എന്നാൽ മകളുടെ വിവാഹത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു ചീഫ് ജസ്റ്റീസ് എത്തിയത്. വാർത്ത പുറത്തുവന്നതോടെ പ്രതികരണവുമായി ഹൈക്കോടതി രംഗത്തെത്തി. മകളുടെ വിവാഹം ക്ഷണിക്കാനാണ് മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൗസിലെത്തി കണ്ടതെന്നും ഇത്തരം വാർത്തകളിൽ അതൃപ്തി രേഖപ്പെടുത്തുന്നതായും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പി.ആർ.ഒ ടി.എസ് അരുൺ പത്രക്കുറിപ്പും പുറത്തിറക്കി.