Sorry, you need to enable JavaScript to visit this website.

ഇന്ധന സെസ് ചുമത്തിയ തീരുമാനം പിൻവലിച്ചേക്കും, എതിർപ്പുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം- സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിച്ചേക്കും. സി.പി.എം നേതാക്കളിൽനിന്ന് തന്നെ രൂക്ഷമായ എതിർപ്പ് ഉയർന്ന പശ്ചാതലത്തിലാണ് സെസ് ഒഴിവാക്കാനുള്ള നീക്കം. ഇന്ധനസെസ് ചുമത്തിയത് ബജറ്റിലെ നിർദ്ദേശം മാത്രമാണെന്നും ഇക്കാര്യത്തിൽ ചർച്ച നടത്തിയാകും അന്തിമ തീരുമാനം എടുക്കുകയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്ധന വില കൂട്ടിയത് കേന്ദ്ര സർക്കാറാണ്. അതു മറച്ചുവെക്കാനാണ് സംസ്ഥാനത്തിന്റെ സെസ് ഉയർത്തികാണിക്കുന്നതെന്നുമാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്ധന സെസിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സെസിനെ പറ്റി സംസ്ഥാന സർക്കാരിനോട് ചോദിക്കൂ എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. തൊഴിലുറപ്പ് പദ്ധതിക്ക് 230 കോടി

ഇന്നലെ സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ വൻ എതിർപ്പാണ് ഉയരുന്നത്. 
മുഴുവൻ വസ്തുക്കൾക്കും വില കൂട്ടിയും സേവനങ്ങൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തിയും ഇന്ധനത്തിന് സെസ് ചുമത്തിയുമായിരുന്നു ബജറ്റ്. ദുർബല വിഭാഗങ്ങൾക്കുള്ള സാമൂഹ്യ പെൻഷൻ പോലും വർധിപ്പിക്കാതെയാണ് സാധാരണക്കാരെയും ഇടത്തരക്കാരെയും ദുരിതത്തിലേക്ക് തള്ളിയിട്ടുള്ള ബജറ്റ് സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്. 
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയാണ് സെസ് ഏർപ്പെടുത്തുന്നത്. സർക്കാർ സംവിധാനങ്ങൾക്ക് മാത്രമാണ് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കെ-ഫോണിന് 100-കോടി രൂപയും, സ്റ്റാർട്ട് അപ്പ് മിഷന് 90.5 കോടി രൂപയും വകയിരുത്തി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി 574.5 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നത് 2000 കോടി രൂപ നീക്കിവെച്ചു. 
നികുതി വർധന സാധാരണക്കാരന്റെ ജീവിതച്ചെലവ് കാര്യമായി ഉയർത്തുന്നതാണ്. ഇന്ധനവിലയും മദ്യവിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കെട്ടിട നികുതിയും ഉൾപ്പെടെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന എല്ലാം വർധിപ്പിച്ചു.  
ഉയരുന്ന ഇന്ധന വിലയ്ക്കൊപ്പം രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസ് കൂടി ചേർന്നാൽ ജനങ്ങളുടെ കീശ കാലിയാക്കും എന്ന് ഉറപ്പായി. ഇത് വൻ തോതിലുള്ള വിലക്കയറ്റത്തിനാകും ഇടയാക്കുക. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾക്ക് നൽകുന്ന കനത്ത അടിയാണിത്. ബസ് ചാർജും ഓട്ടോ, ടാക്‌സി നിരക്കും കൂട്ടുന്നതിനും ഇത് ഇടയാക്കിയേക്കും. നിത്യോപയോഗ സാധനങ്ങൾക്കും വില കൂടും. 


മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തും. അടുത്തിടെയാണ് മദ്യത്തിന് വില വർദ്ധിപ്പിച്ചത്. 500 രൂപ മുതൽ 999 രൂപ വരെ വില വരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപാ മുതൽ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തുമെന്നുമാണ് പ്രഖ്യാപനം. 
ഭൂമിയുടെ ന്യായവില 20 ശതമാനമാണ് കൂട്ടിയത്. ഫ്‌ളാറ്റുകളുടെ മുദ്രവില കൂട്ടിയത് ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നത്തിന് തിരിച്ചടിയാവും. കെട്ടിട നികുതിയിലും പരിഷ്‌കരണമുണ്ട്. ഇതും സാധാരണക്കാരനെയാണ് ബാധിക്കുക. കെട്ടിട പെർമിറ്റ് ഫീസും, കെട്ടിട അനുമതി ഫീസും കൂട്ടി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒന്നിലധികം വീടുകളുള്ളവർക്കും പ്രത്യേക നികുതി ഏർപ്പെടുത്തും. വ്യവസായിക ഉപഭോക്താക്കൾക്ക് വൈദ്യുതി തീരുവ ഏർപ്പെടുത്തും. 
പുതുതായി വാഹനം വാങ്ങുന്നവർക്ക് ഇരുട്ടടിയാണ് വാഹന നികുതി കൂട്ടിക്കൊണ്ടുള്ള തീരുമാനം. ബൈക്കിന് 100 രൂപ, കാറിന് 200 രൂപ എന്നിങ്ങനെയാവും വാഹന സെസ് കൂടുക. മോട്ടോർ സൈക്കിളുകൾക്ക് ഒറ്റത്തവണ നികുതി രണ്ട് ശതമാനമാണ് വർധിപ്പിച്ചത്. ജുഡീഷ്യൽ കോടതി ഫീസുകളും കുത്തനെ കൂട്ടി. എന്നാൽ റബർ വിലയിടിവ് തടയാൻ 600 കോടി രൂപയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 230 കോടി രൂപ നീക്കിവെച്ചതുമാണ് ആകെ ആശ്വാസം. ഗൾഫ് മലയാളികളുടെ ഉയർന്ന വിമാനക്കൂലി പ്രശ്‌നം പരിഹരിക്കാനായി 15 കോടിയുടെ കോർപ്പസ് ഫണ്ട് സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. കെ.എസ്.ആർ.ടി.സിക്ക് പ്ലാൻ ഫണ്ട് അടക്കം 1031 കോടി നൽകുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.
1,35,419 കോടി റവന്യൂ വരുമാനവും 1,76,089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. റവന്യൂ കമ്മി 23,942 കോടി രൂപയാണ്. അതേസമയം ധനകമ്മി 39,662 കോടി രൂപ. ശമ്പളത്തിന് 40,051 കോടി രൂപയും പെൻഷന് 28,240 കോടി രൂപയും സബ്‌സിഡിക്ക് 2190 കോടി രൂപയും നീക്കിവെച്ചു. 
സംസ്ഥാന സർക്കാരിന്റെ നിസഹായാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും വെളിവാക്കുന്നതായി ബജറ്റ്. കേരളത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയെന്ന് അവകാശപ്പെടാമെങ്കിലും പ്രായോഗികതലത്തിൽ സാധാരണക്കാർക്കിത് ഗുണം ചെയ്യുമെന്ന് പറയാനാവില്ല. വൈദ്യുതി തീരുവ, കെട്ടിട നികുതി, വാഹന നികുതി, തുടങ്ങിയ നിരക്കു വർധനകൾ എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കും. 
മത്സ്യബന്ധന മേഖലയ്ക്കായി ആകെ 394.33 കോടി രൂപയാണ് വകയിരുത്തിയത്. മത്സ്യബന്ധന മേഖലയ്ക്കായുള്ള സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 കോടി രൂപയുടെ വർധനവുണ്ടായി. തീരദേശ വികസനത്തിനുള്ള വിവിധ പദ്ധതികൾക്കായി 115.02 കോടി രൂപയും കടലോര മത്സ്യബന്ധന പദ്ധതികൾക്കായി 61.1 കോടി രൂപയും ഉൾനാടൻ മത്സ്യബന്ധന മേഖലക്ക് 82.11 കോടി രൂപയും വകയിരുത്തി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സമുദ്രത്തിൽനിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ-സാഗരം പദ്ധതിക്കായി അഞ്ചു കോടി രൂപ അനുവദിച്ചു. 
മത്സ്യബന്ധന തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനുമായി 71 കോടി രൂപയും നബാർഡ്-ആർ.ഐ.ഡി.എഫ് വായ്പാ സഹായത്തോടെ നടത്തുന്ന സംയോജിത തീരദേശ വികസന പദ്ധതിയുടെ പ്രവൃത്തികൾക്കായി 20 കോടി രൂപയും മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മണ്ണ് നീക്കലിനുമായി 8.52 കോടി രൂപയും അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കെ.എഫ്.സി ബാങ്കുകളും മറ്റ് സർക്കാർ ഏജൻസികളുമായും ചേർന്ന് ഒരു കൺസോർഷ്യം രൂപീകരിക്കും. ഒരു പദ്ധതിക്ക് 250 കോടി എന്ന കണക്കിൽ 2000 കോടി രൂപ കെ.എഫ്.സി വഴി നൽകും. വ്യാവസായിക ഭൂമി വാങ്ങുന്നതിന് 100% ധനസഹായം കെ.എഫ്.സി വഴി നൽകും. മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന ബോട്ട് വാങ്ങുന്നതിന് ബോട്ട് ഒന്നിന് 70 ലക്ഷം രൂപ വരെ 5% വാർഷിക പലിശ നിരക്കിൽ കെ.എഫ്.സി വഴി വായ്പ നൽകും. മിഷൻ 1000-1000 സംരംഭങ്ങൾക്ക് 4 വർഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുന്നതിന് സ്‌കെയിൽ അപ്പ് പാക്കേജ് പ്രഖ്യാപിച്ചു.


 

Latest News