തിരുവനന്തപുരം- സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്.
കേസില്‍ ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ച് ജനുവരി 23നാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്ത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സമരക്കാര്‍ക്ക് നേരെ പോലീസ് പലതവണ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. സംഘടിച്ചുനിന്ന പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജും നടത്തി. കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിയടിയിലും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)