മെസ്സി വിരമിക്കുന്നില്ല, കോപ
നിലനിര്‍ത്തുമെന്ന് താരം
ബ്യൂണസ്‌ഐറിസ് - അടുത്ത ലോകകപ്പാവുമ്പോഴേക്കും 39 വയസ്സാവുമെന്നും കളി തുടരാനാവുമെന്ന് കരുതുന്നില്ലെന്നും നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലിയണല്‍ മെസ്സി. എന്നാല്‍ കോച്ച് ലിയണല്‍ സ്‌കാലോണി ആ പദവിയില്‍ തുടരണമെന്ന് മെസ്സി അഭ്യര്‍ഥിച്ചു.
ഫുട്‌ബോള്‍ കളി ഞാന്‍ ആസ്വദിക്കുന്നു. ഫിറ്റ്‌നസുള്ളേടത്തോളം കളി തുടരും. എന്നാല്‍ അടുത്ത ലോകകപ്പ് കളിക്കുക വലിയ പ്രയാസമായിരിക്കും. പല കാര്യങ്ങളും യോജിച്ചു വരേണ്ടതുണ്ട് -ഓലെ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.
അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന കോപ അമേരിക്കയില്‍ കളിക്കണമെന്നാണ് ആഗ്രഹം. കോപയില്‍ നിലവിലെ ചാമ്പ്യന്മാരാണ് അര്‍ജന്റീന. ഇപ്പോഴത്തെ രീതിയില്‍ ടീമിനെ മുന്നോട്ടു നയിക്കാന്‍ സ്‌കാലോണി പരിശീലകനായി തുടരണമെന്ന് മെസ്സി അഭിപ്രായപ്പെട്ടു.
ലോകകപ്പില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് കിരീടം നേടിയ ശേഷം പി.എസ്.ജിയില്‍ തിരിച്ചെത്തിയപ്പോള്‍ കീലിയന്‍ എംബാപ്പെയുമായി ടൂര്‍ണമെന്റ് ചര്‍ച്ച ചെയ്തിരുന്നുവോയെന്ന് ചോദിച്ചപ്പോള്‍, ഫൈനലിന്റെ വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ ആഗ്രഹിച്ചില്ലെന്നായിരുന്നു മറുപടി. ഫൈനലിലെ തോല്‍വി ഞാനും അനുഭവിച്ചിട്ടുണ്ട്, 2014 ല്‍. ആ തോല്‍വിയെക്കുറിച്ച് സംസാരിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നില്ല. യാഥാര്‍ഥ്യമെന്തെന്നാല്‍, കീലിയനുമായി ഒരു പ്രശ്‌നമില്ലെന്നു മാത്രമല്ല മറിച്ചാണ് കാര്യങ്ങള്‍ -മെസ്സി പറഞ്ഞു.