Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റിന്റെ തലവര മാറ്റിയ  ജോഗീന്ദര്‍ വിരമിച്ചു

മുംബൈ - ക്രിക്കറ്റിന്റെ തലവര മാറ്റിയ ഓവര്‍ എറിഞ്ഞതിലൂടെ ഇന്ത്യയുടെ പ്രിയതാരമായി മാറിയ ജോഗീന്ദര്‍ ശര്‍മ പൂര്‍ണമായി വിരമിച്ചു. 2007 ലെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഫൈനലില്‍ പാക്കിസ്ഥാന്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ അവസാന ഓവര്‍ എറിയാന്‍ പുതിയ നായകന്‍ മഹേന്ദ്ര ധോണി ഏല്‍പിച്ചത് ആരും പ്രതീക്ഷിക്കാത്ത ജോഗീന്ദറിനെയായിരുന്നു. പാക്കിസ്ഥാനെ പരാജയത്തിന്റെ വക്കില്‍നിന്ന് ഒറ്റയാനായി വിജയത്തിനടുത്തെത്തിച്ച മിസ്ബാഹുല്‍ ഹഖ് ബൗണ്ടറിയിലേക്ക് പന്ത് സ്‌കൂപ് ചെയ്യാന്‍ ശ്രമിക്കുകയും ഷോര്‍ട് ഫൈന്‍ലെഗില്‍ ശ്രീശാന്തിന് പിടികൊടുക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ ഓളൗട്ടാവുകയും ഇന്ത്യ ലോക ചാമ്പ്യന്മാരാവുകയും ചെയ്തു. 
അതുവരെ കുട്ടിക്രിക്കറ്റിനോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്ന ബി.സി.സി.ഐ അതോടെ നിലപാട് മാറ്റി. ട്വന്റി20യെ വാരിപ്പുണര്‍ന്നു. 2008 ല്‍ ഐ.പി.എല്ലിന്റെ ആവിര്‍ഭാവം ലോക ക്രിക്കറ്റിനെ മാത്രമല്ല ലോക കായികരംഗത്തെ തന്നെ മാറ്റി മറിച്ചു. ട്വന്റി20യോട് താല്‍പര്യമില്ലാത്തതിനാലാണ് ബി.സി.സി.ഐ സീനിയര്‍ കളിക്കാരെയൊക്കെ മാറ്റിനിര്‍ത്തി ധോണിയുടെ നേതൃത്വത്തില്‍ ജോഗീന്ദര്‍ ഉള്‍പെടെയുള്ള യുവ കളിക്കാരെ ലോകകപ്പിന് അയച്ചത്. ജോഗീന്ദര്‍ 2002 മുതല്‍ 2017 വരെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചത്. 2004 മുതല്‍ 2007 വരെ നാല് ഏകദിനങ്ങളിലും നാല് ട്വന്റി20കളിലും ഇന്ത്യന്‍ കുപ്പായമിട്ടു. മൊത്തം അഞ്ചു വിക്കറ്റെടുത്തു. 
2007 ലെ ലോകകപ്പ് വിജയത്തിനു ശേഷം ഉയര്‍ന്ന റാങ്കോടെ ജോഗീന്ദറിനെ ഹരിയാന പോലീസില്‍ നിയമിച്ചിരുന്നു. ഇപ്പോള്‍ ഡെപ്യൂട്ടി സൂപ്രണ്ടാണ്. കോവിഡ് കാലത്ത് പോലീസ് സേവനം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. 
2007 ലെ ലോകകപ്പ് ഫൈനലില്‍ ഒരു വിക്കറ്റ് ശേഷിക്കെ നാല് പന്തില്‍ പാക്കിസ്ഥാന് ജയിക്കാന്‍ ആറ് റണ്‍സ് മതിയായിരുന്നു. പക്ഷെ മിസ്ബാഹിന്റെ ധൃതി പാക്കിസ്ഥാന് കൈയില്‍ കിട്ടിയ വിജയം തുലച്ചു. ജോഗീന്ദര്‍ പിന്നീടൊരിക്കലും ഇന്ത്യന്‍ കുപ്പായമിട്ടിട്ടില്ലെന്നതാണ് കൗതുകം. പക്ഷെ ഐ.പി.എല്ലിന്റെ ആദ്യ നാലു സീസണില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമായിരുന്നു. 16 കളികളില്‍ 12 വിക്കറ്റെടുത്തു. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനക്കു വേണ്ടി 77 രഞ്ജി മത്സരങ്ങള്‍ കളിച്ചു. 2017 ലെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലാണ് അവസാനം പങ്കെടുത്തത്. 

Latest News