തിരുവനന്തപുരം- തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിന് 81 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ആര്‍.സി.സിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിന് ആകെ 120 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ആദ്യഗഡു അനുവദിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 13.80 കോടി സംസ്ഥാന വിഹിതമായി ബജറ്റില്‍ വകയിരുത്തി.
സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി വകയിരുത്തിയത് 2.5 കോടി. കോവിഡിനു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അഞ്ചുകോടി രൂപ നീക്കിവച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപ വകയിരുത്തി. സാംക്രമികേതര രോഗപദ്ധതിയായ ശൈലിയെ കൂടുതല്‍ വിപുലീകരിക്കുന്നതിനും ഇതിനായുള്ള പോര്‍ട്ടല്‍ വലിയ തോതില്‍ വികസിപ്പിക്കുന്നതിനുമായി അടുത്ത വര്‍ഷത്തേക്ക് 10 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലക്ക് 2828.33 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി പ്രഖ്യാപനത്തിലുണ്ട്. കനിവ് പദ്ധതിയില്‍ 315 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുടെ പ്രവര്‍ത്തന ചെലവുകള്‍ക്കായി 75 കോടി രൂപയും നീക്കിവച്ചു. കാസര്‍കോട് ടാറ്റാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവും ചികിത്സാ സൗകര്യവും വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
ആരോഗ്യ പരിചരണം, ഹെല്‍ത്ത് ടൂറിസം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട സേവനം നല്‍കി ഒരു ഹെല്‍ത്ത് ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കും. നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കാനും ആധുനികവത്കരിക്കാനും കഴിയും. ഈ സാധ്യത്ക്കനുസരിച്ച് കെയര്‍ പോളിസി രൂപീകരിക്കാനും നടപ്പാക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ അനുവദിച്ചു.
മെഡിക്കല്‍ കോളജുകളോടു ചേര്‍ന്ന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാനുതകുന്ന തരത്തില്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്ള ആശ്വാസ് വാടക ഭവന പദ്ധതിക്കായി നാലുകോടി രൂപ ബജറ്റില്‍ നീക്കിവച്ചു. സംസ്ഥാനത്തെ താലൂക്ക്, ജനറല്‍ ആശുപത്രികളോടും ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളോടും ചേര്‍ന്ന് പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കും. ഇതിനായി ആദ്യഘട്ടത്തില്‍ 25 ആശുപത്രികളില്‍ സഹകരണ സ്ഥാപനങ്ങളുടെയും സീപാസ്, സീമാറ്റ് പോലുള്ള സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഇവ ആരംഭിക്കും. ഇതിനായി ഈ വര്‍ഷം 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി.