തിരുവനന്തപുരം- ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെഞ്ഞാറമൂട് മൈലക്കുഴിയില്‍ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങല്‍ സ്വദേശി സനോജ് ഓടിച്ചിരുന്ന വണ്ടിയ്ക്കാണ് തീപിടിച്ചത്. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു സനോജ്.കാറിന്റെ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് സനോജ് വാഹനം നിര്‍ത്തി പുറത്തിറങ്ങിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. അപകടം നടക്കുമ്പോള്‍ സനോജ് മാത്രമേ കാറിലുണ്ടായിരുന്നുള്ളു. വണ്ടിയില്‍ നിന്ന് പുക ഉയരുന്നത് ആദ്യം നാട്ടുകാരാണ് കണ്ടത്. അവര്‍ വിളിച്ചുപറഞ്ഞപ്പോഴാണ് സനോജ് പുക കണ്ടത്.
തുടര്‍ന്ന് വാഹനത്തില്‍ സെന്‍ട്രല്‍ ലോക്ക് വീഴുകയും സനോജ് ലോക്ക് മാറ്റി പുറത്തിറങ്ങുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സെത്തി തീയണച്ചു. ഇന്നലെ കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചിരുന്നു.