തിരുവനന്തപുരം - ജനപ്രിയ പ്രഖ്യാപനങ്ങൾക്കു പിന്നാലെ പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന വൻ തീരുമാനങ്ങളും ബജറ്റിൽ. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം അധിക സെസ് ഏർപ്പെടുത്തുന്നതിനു പുറമെ വാഹന നികുതി, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി എല്ലാം കൂട്ടി വൻ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനം.
സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ഇരുചക്രവാഹനം 50രൂപ 100 ആക്കി. ലൈറ്റ് മോട്ടർ വാഹനം 100 രൂപ 200 രൂപയാക്കി. മീഡിയം മോട്ടർ വാഹനങ്ങൾ 150 രൂപയുള്ളത് 300 രൂപയാക്കി. ഹെവി മോട്ടർ വാഹനം 250 രൂപയിൽനിന്ന് 500 രൂപയാക്കി. മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2 ശതമാനം വർധനവുണ്ടായി. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. മദ്യത്തിനും വില കൂട്ടി.