തിരുവനന്തപുരം - റോഡ് ഗതാഗത മേഖലക്ക് 184.07 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. ഇതിൽ കെ.എസ്.ആർ.ടി.സിക്ക് 131 കോടി രൂപയും മോട്ടോർ വാഹന വകുപ്പിന് 44.07 കോടി രൂപയുമായിരിക്കും.
കെ.എസ്.ആർ.ടി.സി വാഹനങ്ങളുടെ നവീകരണത്തിനും ഗുണനിലവാര മെച്ചപ്പെടുത്തലിനുള്ള വിഹിതം 75 കോടിയായി ഉയർത്തി. ഇത് 2022-23ൽ 50 കോടിയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാന വികസനത്തിനും വർക് ഷോപ്പ്, ഡിപ്പോ നവീകരണത്തിന് 30 കോടിയും കമ്പ്യൂട്ടർ വത്കരണത്തിനും ഇ-ഗവേൺസ് നടപ്പാക്കുന്നതിന് 20 കോടിയും അനുവദിച്ചു.
റീഹാബ് സാങ്കേതികവിദ്യ ഉപയോഗിച്ചത് വഴി കോട്ടയം ബസ് സ്റ്റേഷൻ നിർമാണത്തിൽ ചെലവ് കുറക്കാൻ സാധിച്ചു. വിഴിഞ്ഞം, ആറ്റിങ്ങൽ, കൊട്ടാരക്കര, കായംകുളം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ചെലവ് കുറഞ്ഞ നിർമാണ മാർഗങ്ങളിൽ ബസ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിന് അധികമായി 20 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.