ചോദ്യം: മൾട്ടി എൻട്രി വിസിറ്റ് വിസയിൽ എത്തിയ ഭാര്യയുടെ വിസയുടെ കലാവധി മൂന്നു മാസം അവസാനിക്കാൻ ഏതാനും ദിവസമേ ഉള്ളൂ. ഇതു കണക്കിലെടുത്ത് അബ്ശിർ വഴി വിസ ദീർഘിപ്പിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും സിസ്റ്റത്തിൽ വിസ ദീർഘിപ്പിച്ചതായുള്ള വിവരം ലഭ്യമല്ല. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്?
ഉത്തരം: മൾട്ടി എൻട്രി വിസിറ്റ് വിസയിലെത്തി മൂന്നു മാസം പൂർത്തിയാകുന്നതിനു മുൻപ് അബ്ശിർ പ്ലാറ്റ്‌ഫോം വഴിയാണ് വിസ തീയതി ദീർഘിപ്പിക്കേണ്ടത്. മൂന്നു മാസത്തക്കു കൂടിയാണ് വിസ അനുവദിക്കുക. അതിനു ശേഷം വിസ ദീർഘിപ്പിക്കാനാവില്ല. പിന്നീട് രാജ്യത്തിനു പുറത്തു പോയി തിരിച്ചുവന്നാൽ മാത്രമേ അതേ വിസയിൽ സൗദിയിൽ തങ്ങാൻ സാധിക്കൂ.
വിസ പതുക്കുന്നതിന് അബ്ശിർ പ്ലാറ്റ്‌ഫോം വഴിയുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ അതു സിസ്റ്റത്തിൽ വരുന്നതിനു മൂന്നു ദിവസം വരെ സമയം എടുക്കാം. മൂന്നു പ്രവൃത്തി ദിവസം ആണ് അതിനു വേണ്ടത്. അതിനു ശേഷവും വിസ ലഭ്യമായില്ലെങ്കിൽ അബ്ശിറിൽ തന്നെ തവസുൽ ഫോളോഅപിൽ വിവരങ്ങൾ രേഖപ്പെടുത്തി അന്വേഷണം നടത്തണം. തവസുൽ ഫോളോ അപ് ലോഗിൻ ചെയ്യുമ്പോൾ അതിൽ പേര്, ഇഖാമ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ, ആദ്യം അപേക്ഷിച്ചതിന്റെ സീരിയൽ നമ്പറും രേഖപ്പെടുത്തണം. അതിനു ശേഷം തവസുൽ പോർട്ടലിൽ നിങ്ങളുടെ റീജി നും, റീജിയനിൽ എവിടെയാണ് താമസിക്കുന്നതെന്ന ഓപ്ഷനും സെലക്ട് ചെയ്യണം. തുടർന്ന് വിസിറ്റ് വിസ എക്സ്റ്റൻഷൻ സെലക്ട് ചെയ്ത് സർവീസസിൽ നിങ്ങളുടെ പ്രശ്‌നം കുറഞ്ഞ വാക്കുകളിൽ കുറിക്കണം. അധികം വൈകാതെ മറുപടി ലഭിക്കും.
സാധാരണ അബ്ശിറിൽ പുതുക്കൽ നടപടികൾ പൂർത്തിയാക്കുമ്പോൾ കാലതാമസം ഉണ്ടാവാറില്ല. പലരും മതിയായ രേഖകൾ നൽകുന്നതിൽ വരുത്തുന്ന വീഴ്ചയാണ് ഇത്തരം പ്രശ്‌നങ്ങൾക്കു കാരണം. ഫാമിലി വിസിറ്റ് വിസ പുതുക്കുമ്പോൾ പലരും മെഡിക്കൽ ഇൻഷുറൻസ് പുതുക്കി അതു അപ്‌ലോഡ് ചെയ്യാൻ മറന്നുപോകും. സൗദി ഇൻഷുറൻസ് കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളിൽ നിന്നായിരിക്കണം ഇൻഷുറൻസ് എടുക്കേണ്ടത്. ജവാസാത്തിന്റെ സിസ്റ്റത്തിൽ അതു രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.
റീ എൻട്രിയിൽ പോയി മടങ്ങിവരാത്തവരുടെ നിയമം ആശ്രിത വിസക്കാർക്കു ബാധകമാണോ
ചോദ്യം: ആശ്രിത വിസയിലുള്ള കുടുംബാംഗം എക്‌സിറ്റ് റീ എൻട്രി വിസയിൽ നാട്ടിൽ പോയശേഷം മങ്ങി വരാതിരുന്നാൽ തൊഴിൽ വിസക്കാരുടേതു പോലെ മൂന്നു വർഷം കാത്തിരിക്കേണ്ടതുണ്ടോ?
ഉത്തരം: വേണ്ടതില്ല. തൊഴിൽ വിസക്കാർ റീ എൻട്രിയിൽ പോയി മടങ്ങിവന്നില്ലെങ്കിൽ അവർക്ക് വീണ്ടും സൗദിയിൽ വേറെ വിസയിൽ പ്രവേശിക്കണമെങ്കിൽ മൂന്നു വർഷം കാത്തിരിക്കണം. എന്നാൽ ഈ നിയമം ആശ്രിത വിസക്കാർക്കു ബാധകമല്ല. അതു തൊഴിൽ വിസയിലുള്ളവർക്കു മാത്രമാണ് ബാധകം. എക്‌സിറ്റ് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്ത തൊഴിലാളിയാണെങ്കിൽ അവർക്ക് മൂന്നു വർഷക്കാലാവധിക്കുള്ളിലായി തിരിച്ചുവരണമെങ്കിൽ അതേ സ്‌പോൺസറുടെ വിസയിൽ തന്നെ പുതിയ വിസയിൽ തിരിച്ചെത്താം. പുതിയ സ്‌പോൺസറുടെ കീഴിലാണെങ്കിൽ മൂന്നു വർഷം കഴിഞ്ഞേ വരാൻ സാധിക്കൂ.