Sorry, you need to enable JavaScript to visit this website.

അയ്മന്‍ അല്‍സയ്യാരി സൗദി കേന്ദ്ര ബാങ്ക് ഗവര്‍ണര്‍

റിയാദ് - സൗദി സെന്‍ട്രല്‍ ബാങ്കിന്റെ (സാമ) പുതിയ ഗവര്‍ണറായി അയ്മന്‍ അല്‍സയ്യാരിയെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിയമിച്ചു. മന്ത്രി റാങ്കോടെയാണ് നിയമനം. കേന്ദ്ര ബാങ്ക് ഗവര്‍ണറായിരുന്ന ഫഹദ് ബിന്‍ അബ്ദുല്ല അല്‍മുബാറകിനെ പദവിയില്‍ നിന്ന് നീക്കിയാണ് തല്‍സ്ഥാനത്ത് അയ്മന്‍ അല്‍സയ്യാരിയെ രാജാവ് നിയമിച്ചത്. ഫഹദ് അല്‍മുബാറക്കിനെ മന്ത്രി റാങ്കോടെ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി നിയമിച്ചിട്ടുമുണ്ട്.
സൗദി ഡെവലപ്‌മെന്റ് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം, നാഷണല്‍ ഡെബ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അയ്മന്‍ അല്‍സയ്യാരി 2022 ജൂലൈ മൂന്നു മുതല്‍ നിക്ഷേപ, ഗവേഷണ കാര്യങ്ങള്‍ക്കുള്ള സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി മന്ത്രി റാങ്കോടെ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 2019 ഒക്‌ടോബര്‍ 17 മുതല്‍ സാമ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായി. 2022 ജൂലൈ മൂന്നു വരെ സാമ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു. 2013 മെയ് മുതല്‍ 2019 ഒക്‌ടോബര്‍ വരെ കേന്ദ്ര ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന്‍, നിക്ഷേപ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തില്‍ ഡെബ്റ്റ് മാനേജ്‌മെന്റ് ഓഫീസ് ആക്ടിംഗ് മേധാവിയായും നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ആന്റ് പ്രോഗ്രാമിംഗ്, പബ്ലിക് പെന്‍ഷന്‍ ഏജന്‍സി എന്നിവയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും സേവനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് സൗദിയില്‍ പബ്ലിക് ഡെബ്റ്റ് സ്ട്രാറ്റജി രൂപീകരിക്കുന്നതിന്റെ ചുമതല വഹിച്ചു.
കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സില്‍ നിന്ന് അക്കൗണ്ടിംഗില്‍ ബാച്ചിലര്‍ ബിരുദവും അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമാരുടെ ഫെലോഷിപ്പ് (സി.എഫ്.എ) നേടിയ അയ്മന്‍ അല്‍സയ്യാരി ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ജനറല്‍ മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News