ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതവും കളവുമാണെന്ന തങ്ങളുടെ വാദം കോടതികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ അദാനിക്ക് നേട്ടങ്ങളേയുള്ളൂ. അമേരിക്കയിലെ നിയമപ്രകാരം വമ്പൻ തുക നഷ്ടപരിഹാരം നേടിയെടുക്കാം. അതിനേക്കാളുപരി തങ്ങളുടെ നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യാം.
അമേരിക്കൻ സ്ഥാപനമായ ഹിൻഡർബർഗ് റിസർച്ച് പുറത്തുവിട്ട ഗവേഷണ റിപ്പോർട്ടിനെ തുടർന്ന് ഓഹരിക്കമ്പോളത്തിൽ ആടിയുലഞ്ഞ അദാനി ഗ്രൂപ്പ് കമ്പനികൾ ചുവടുറപ്പിക്കാനുള്ള പെടാപ്പാടിലാണ്. തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയെന്നാണ് ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോർട്ട്. അദാനി ഗ്രൂപ്പ് പൂർണമായും കരകയറുമോ, അതോ തിരിച്ചുവരവ് താൽക്കാലികമാണോ എന്ന് പറയാറായിട്ടില്ല. അതിന് കുറച്ചുനാൾ കൂടി കാത്തിരിക്കണം.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ അദാനി കമ്പനികളുടെ ഓഹരികൾ വിപണിയിൽ കൂപ്പുകുത്തിയെങ്കിലും അവരുടെ എഫ്.പി.ഒ ലക്ഷ്യം കണ്ടു എന്നതാണ് തിരിച്ചുവരവിന്റെ സൂചനയായി പറയുന്നത്. 20,000 കോടി സമാഹരിക്കാനായി അദാനി എന്റർപ്രൈസസിന്റെ ഫോളോ ഓൺ പബ്ലിക് ഓഫറിംഗ് നിശ്ചയിക്കപ്പെട്ട മൂന്ന് ദിവസത്തിനുള്ളിൽ എല്ലാ ഓഹരികൾക്കും അപേക്ഷകരായി. അബുദാബി ആസ്ഥാനമായ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി എഫ്.പി.ഒയിൽ 400 മില്യൺ ഡോളർ (3200 കോടി രൂപ) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എഫ്.പി.ഒ വിജയം കണ്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും ലോക സമ്പന്നരിൽ മൂന്നാമനുമായ ഗൗതം അദാനിയുടെ തകർച്ച തികച്ചും അപ്രതീക്ഷിതമായിരുന്നു. കണ്ണഞ്ചിക്കുന്ന വേഗത്തിൽ, കൃത്യമായി പറഞ്ഞാൽ, നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഗുജറാത്തുകാരനായ അദാനിക്കുണ്ടായ വളർച്ച ആരെയും അമ്പരിപ്പിക്കുന്നതും ഏറെക്കുറെ അവിശ്വസനീയവുമായിരുന്നു. നേരായ മാർഗത്തിലൂടെയല്ല ഈ കുതിച്ചുകയറ്റമെന്ന് സാമ്പത്തിക വിദഗ്ധർക്കു മാത്രമല്ല ഇന്ത്യയിലെ സാധാണക്കാർക്കു പോലും സംശയമുണ്ടായിരുന്നു.
അത്തരം സംശയങ്ങളെയും നിഗമനങ്ങളെയുമെല്ലാം സാധൂകരിച്ചുകൊണ്ടായിരുന്നു ഒരാഴ്ച മുമ്പ് ഹിൻഡർബർഗ് റിപ്പോർട്ട് പുറത്തുവന്നത്. അടിമുടി തട്ടിപ്പുകളിലും കൃത്രിമങ്ങളിലൂടെയുമാണ് അദാനിയുടെ വളർച്ചയെന്ന് അക്കമിട്ട് പറയുന്നതായിരുന്നു ആ റിപ്പോർട്ട്. ഷെൽ കമ്പനികൾക്ക് രൂപം നൽകി കള്ളപ്പണം കടത്തൽ, ഓഹരി വിലകൾ കൃത്രിമമായി ഉയർത്തൽ, നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ തട്ടിപ്പുകൾ അദാനി ഗ്രൂപ്പ് നിർബാധം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. രണ്ട് വർഷത്തോളമെടുത്ത് അദാനി ഗ്രൂപ്പിന്റെ ഏഴ് കമ്പനികളിൽ നടത്തിയ പഠനത്തിനൊടുവിലാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ഈ ഏഴ് കമ്പനികളുടെയും വ്യാപാരം യഥാർഥത്തിലുള്ളതിനേക്കാൾ 85 ശതമാനത്തോളം ഉയർത്തിയാണ് കാണിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ടിന് പിന്നാലെ ഓഹരി കമ്പോളത്തിൽ അദാനിക്ക് നേരിട്ടത് വമ്പൻ നഷ്ടമാണ്. ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപയുടെ നഷ്ടം മൂന്ന് ദിവസത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപകർക്ക് ഉണ്ടായെന്നാണ് കണക്ക്. ബ്ലൂംബർഗിന്റെ ലോക സമ്പന്ന പട്ടികയിൽ അദാനി പതിനൊന്നാം സ്ഥാനത്തേക്ക് താഴ്ന്നു. അദാനി ഓഹരികൾ കൂപ്പുകുത്തിയതിനൊപ്പം ഇന്ത്യൻ ഓഹരി വിപണി മൊത്തത്തിലും തിരിച്ചടി നേരിട്ടു. നിക്ഷേകർ പരിഭ്രാന്തിയിലായി.
ഇതൊക്കെയായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ, ധനമന്ത്രി നിർമല സീതാരാമനോ ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് പറഞ്ഞിട്ടില്ല. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വിശ്വാസ്യതക്കും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും അത്തരമൊരു ഇടപെടൽ അനിവാര്യമായിരുന്നു. എന്നാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട അദാനിക്ക് ദോഷമുണ്ടാവുന്നത് എന്തെങ്കിലും മോഡി ചെയ്യുമെന്ന് കരുതാനാവില്ലല്ലോ.
ഇന്ത്യൻ സാമ്പത്തിക രംഗത്തിന് വിനാശകരമായതെന്ന്, എന്തൊക്കെ കാര്യങ്ങൾ മോഡി സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നുവോ അതൊക്കെ തന്നെയാണ് അദാനി ചെയ്യുന്നതായി ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത്. കള്ളപ്പണം, നികുതി വെട്ടിപ്പ്, കൃത്രിമ രേഖ ചമയ്ക്കൽ, ഷെൽ കമ്പനികളെ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ എല്ലാം അദാനി ചെയ്തു. ഇങ്ങനെ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന അദാനിക്കാണ് രാജ്യത്തെ തുറമുഖങ്ങളും,വിമാനത്താവളങ്ങളും ദേശീയ പാതകളും ഗ്യാസ് പൈപ് ലൈനുകളുമെന്നു വേണ്ട ജനങ്ങളുടെ നിത്യജീവിതവുമായ അടിസ്ഥാന സൗകര്യങ്ങളുടെയെല്ലാം നിയന്ത്രണം കേന്ദ്ര സർക്കാരിന്റെ കാർമികത്വത്തിൽ കൈമാറിക്കൊണ്ടിരിക്കുന്നത്.
സർക്കാരിന്റെ സഹായത്തോടെ കൈക്കലാക്കുന്ന പൊതു സംരംഭങ്ങളുടെ ആസ്തികൾ ഈട് വെച്ച് ഇന്ത്യയിലും പുറത്തുമുള്ള ബാങ്കുകളിൽനിന്ന് സഹസ്ര കോടികൾ അദാനി വായ്പ തരപ്പെടുത്തുന്നു. അവ ഉപയോഗിച്ച് കൂടുതൽ സംരംഭങ്ങൾ ചുളുവിൽ സ്വന്തമാക്കുന്നു, അവയിൽനിന്നുള്ള വരുമാനം സർക്കാരിൽ നികുതി അടയ്ക്കാതെ വ്യാജരേഖ ചമച്ച് കരീബിയൻ ദ്വീപുകളിലും മൗറീഷ്യസിലും രജിസ്റ്റർ ചെയ്ത കടലാസു കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നു. ആ പണം അത്തരം കടലാസു കമ്പനികളിലൂടെ തന്നെ വീണ്ടും ഇന്ത്യൻ ഓഹരി വിപണിയിലെത്തിക്കുകയും അദാനി കമ്പനികളുടെ ഓഹരികൾ ഉയർന്ന വിലക്ക് വാങ്ങുകയും ചെയ്യുന്നു. അങ്ങനെ വില കൃത്രിമമായി ഉയർത്തി നിർത്തുന്നു.
അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ കൃത്രിമം കാട്ടുകയും ഓഹരി വില അസാധാരണമാം വിധം ഉയർത്തുകയും ചെയ്യുന്നതിനെ കുറിച്ച് വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡിന് പരാതി ലഭിച്ചിരുന്നു. ഒന്നര വർഷം മുമ്പ് അതിൽ അവർ അന്വേഷണമാരംഭിക്കുകയും ചെയ്തു. പക്ഷേ അന്വേഷണം എവിടെയെത്തിയെന്ന് ആർക്കുമറിയില്ല. അപ്പോഴാണ് ഹിൻഡർബർഗ് റിപ്പോർട്ട് വരുന്നത്.
88 ആരോപണങ്ങളാണ് അദാനിയുടെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത്. അവയെല്ലാം തീർത്തും അടിസ്ഥാനരഹിതവും അവാസ്തവവും ദുരുദ്ദേശ്യപരവുമാണെന്ന് ആദ്യം പ്രതികരിച്ച അദാനി ഗ്രൂപ്പ്, ആരോപണങ്ങൾക്കെല്ലാം വിശദീകരണം നൽകുകയും ചെയ്തു. എന്നാൽ ഏറ്റവും ഗുരുതരമായ കടലാസ് കമ്പനികൾ വഴിയുള്ള കള്ളപ്പണ കടത്തിനെ കുറിച്ച് അപ്പോഴും മൗനമാണ്. റിപ്പോർട്ട് തങ്ങൾക്കെതിരെ മാത്രമുള്ള ഇന്ത്യക്കെതിരെ തന്നെയുള്ള സാമ്പത്തിക കടന്നാക്രമണമാണെന്ന ആരോപണവും അദാനി ഗ്രൂപ്പ് ഉന്നയിച്ചു.
റിപ്പോർട്ട് പുറത്തു വന്നപ്പോൾ തന്നെ അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവിച്ചിരുന്നു. ഇന്ത്യയിലും അമേരിക്കയിലും നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ സാധ്യതകൾ തേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. നിയമ നടപടിയെ ഹിൻഡൻബർഗ് സ്വാഗതം ചെയ്തിട്ടുണ്ട്. തങ്ങൾ പ്രവർത്തിക്കുന്ന അമേരിക്കയിൽ കൂടി കേസ് കൊടുക്കണമെന്നാണ് അവരുടെ ആവശ്യം. കോടതികൾക്കു നൽകാൻ പാകത്തിന് ആരോപണങ്ങൾക്കെല്ലാമുള്ള തെളിവുകൾ തങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ഇപ്പോൾ തിരിച്ചുവരവിന്റെ സൂചന കാട്ടിയതായി പറയുമ്പോഴും അദാനി ഇന്ത്യയിലെ സാധാരണക്കാരായ നിക്ഷേപകർക്കു മുന്നിൽ സംശയത്തിന്റെ നിഴലിലാണ്. അദാനിയുടെ എഫ്.പി.ഒയിൽ നിക്ഷേപിക്കാൻ സാധാരണ നിക്ഷേപകർ താൽപര്യം കാട്ടിയില്ല. അതുപോലെ അമേരിക്കയിലെയോ, യൂറോപ്പിലെയോ നിക്ഷേപക കമ്പനികളും. ഹിൻഡർബർഗ് റിപ്പോർട്ട് നൽകുന്ന അപായ സൂചനകളാണ് അവരുടെ സംശയത്തിനും പിന്മാറ്റത്തിനും കാരണം. ഈ സംശയം നീക്കണമെങ്കിൽ അദാനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണം. അതിന് മുൻകൈയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. പ്രധാനമന്ത്രി മോഡിക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് അദാനിയെന്നതിനാൽ അത്തമൊരു അന്വേഷണത്തിന് സാധ്യത കുറവാണ്.
പിന്നെയുള്ളത് അദാനി തന്നെ വ്യക്തമാക്കിയതു പോലെ നിയമ നടപടിയാണ്. ഇന്ത്യയിലെയും ഹിൻഡൻബർഗിന്റെ ആസ്ഥാനമായ അമേരിക്കയിലെയും കോടതികളിൽ അദാനി ഗ്രൂപ്പ് കേസ് കൊടുക്കട്ടെ. റിപ്പോർട്ട് മൂലം തങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ മാത്രമുള്ള തുക നഷ്ടപരിഹാരം തേടട്ടെ. ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതവും കളവുമാണെന്ന തങ്ങളുടെ വാദം കോടതികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ അദാനിക്ക് നേട്ടങ്ങളേയുള്ളൂ. അമേരിക്കയിലെ നിയമപ്രകാരം വമ്പൻ തുക നഷ്ടപരിഹാരം നേടിയെടുക്കാം. അതിനേക്കാളുപരി തങ്ങളുടെ നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യാം. ധൈര്യമുണ്ടോ അദാനിക്ക്? ഇന്ത്യ അറിയാൻ കാത്തിരിക്കുന്നു.