ബുറൈദ - രണ്ടു കൊലക്കേസുകള്‍ക്ക് 48 മണിക്കൂറിനകം തുമ്പുണ്ടാക്കി പ്രതികളെ അറസ്റ്റ് ചെയ്ത അല്‍ഖസീം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന്റെ പ്രശംസ. ബുറൈദ നഗരസമിതി പ്രസിഡന്റ് ഡോ. ഇബ്രാഹിം അല്‍ഗസ്‌നിന്റെ കൊലപാതകത്തിനും അല്‍ശിമാസിയയില്‍ മറ്റൊരു സൗദി പൗരന്റെ കൊലപാതകത്തിനുമാണ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ അന്വേഷണോദ്യോഗസ്ഥര്‍ തുമ്പുണ്ടാക്കിയത്.
രണ്ടു കൊലപാതക സംഭവങ്ങളിലെയും പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മാത്രമാണ് തനിക്ക് മനസ്സമാധാനം ലഭിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇരു സംഭവങ്ങളിലും കുറ്റമറ്റ നിലയില്‍ ആത്മാര്‍ഥമായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നന്ദി പറഞ്ഞു. അല്‍ഖസീം പോലീസ് കൈവരിച്ച നേട്ടത്തില്‍ എല്ലാവരും അഭിമാനിക്കുന്നു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്, കുറ്റകൃത്യങ്ങള്‍ നടത്തി രക്ഷപ്പെടുന്നതിന് സാധിക്കുമെന്ന് ധരിക്കുന്ന മുഴുവന്‍ പേര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. അല്‍ഖസീം പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ ബദ്ര്‍ ആലുത്വാലിബിനും അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഗവര്‍ണര്‍ പ്രത്യേകം നന്ദി പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഡോ. ഇബ്രാഹിം അല്‍ഗസ്‌നിനെ ബുറൈദയില്‍ നിര്‍മാണത്തിലുള്ള ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിരസ്സിനേറ്റ മാരകമായ പരിക്കുകളാണ് മരണ കാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. ഡോ. ഇബ്രാഹിം അല്‍ഗസ്‌നിന്റെ സൗദി പൗരത്വം നേടിയ സിറിയക്കാരിയായ ഭാര്യയും സിറിയക്കാരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സ്വന്തം വീട്ടില്‍ വെച്ച് ഡോ. ഇബ്രാഹിം അല്‍ഗസ്‌നിനെ കൊലപ്പെടുത്തിയ പ്രതികള്‍ പിന്നീട് മൃതദേഹം നിര്‍മാണത്തിലുള്ള ഗോഡൗണില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത ശേഷം ബുറൈദയില്‍ എത്തിയ സിറിയക്കാരന് ഡോ. ഇബ്രാഹിം അല്‍ഗസ്‌നിന്റെ ഭാര്യയാണ് വാതില്‍ തുറന്നുകൊടുത്തത്. കൃത്യത്തിനു ശേഷം തെളിവുകള്‍ നശിപ്പിച്ച് വിദേശത്തേക്ക് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തിയതായി അല്‍ഖസീം പോലീസ് അറിയിച്ചു.
40 -കാരനായ സിറിയക്കാരനെ മക്കയില്‍ നിന്ന് വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നിര്‍വഹിച്ച ശേഷം ഉംറ സര്‍വീസ് കമ്പനിക്കു കീഴിലെ ബസില്‍ മക്കയിലെത്തിയ പ്രതിയെ വിശുദ്ധ ഹറമിനു സമീപത്തെ ഹോട്ടലില്‍ നിന്നാണ് മക്ക പോലീസിലെ കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തത്. പ്രതി മക്കയിലേക്ക് രക്ഷപ്പെട്ട കാര്യം അല്‍ഖസീം പോലീസ് മക്ക പോലീസിനെ അറിയിക്കുകയായിരുന്നു. ഉംറ നിര്‍വഹിച്ച ശേഷം രാജ്യം വിടുന്നതിനായിരുന്നു പ്രതിയുടെ പദ്ധതി.
നേരത്തെ സിറിയയില്‍ പാദരക്ഷ കച്ചവടക്കാരനായിരുന്ന പ്രതി പിന്നീട് ജര്‍മനിയിലേക്ക് കുടിയേറുകയായിരുന്നു. ജര്‍മനിയില്‍നിന്നാണ് ഉംറ വിസയില്‍ മെയ് 14 ന് സൗദിയിലെത്തിയത്. ഡോ. ഇബ്രാഹിം അല്‍ഗസ്‌നിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി ഉംറ വിസയില്‍ രാജ്യത്തെത്തിയത്. ഉംറ വിസയില്‍ മദീനയില്‍ ഇറങ്ങിയ പ്രതി നേരെ അല്‍ഖസീമിലേക്ക് പോവുകയായിരുന്നു. ഡോ. ഇബ്രാഹിം അല്‍ഗസ്‌നിന്റെ സിറിയക്കാരിയായ ഭാര്യയുമായി പ്രതിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു.