റിയാദ് - സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ശരാശരി വേതനത്തില്‍ ഒരു വര്‍ഷത്തിനിടെ നാലു ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ വിദേശികളുടെ ശരാശരി വേതനം 2,553 റിയാലായിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇത് 2,642 റിയാലായി ഉയര്‍ന്നു. സൗദികളുടെ ശരാശരി വേതനത്തില്‍ മൂന്നു ശതമാനം വര്‍ധന രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദികളുടെ വേതനം 6,028 റിയാലാണ്. 2017 ആദ്യ പാദത്തില്‍ ഇത് 5,861 റിയാലായിരുന്നു.
ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ സൗദി പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 6,810 റിയാലും വനിതാ ജീവനക്കാരുടെ ശരാശരി വേതനം 3,884 റിയാലുമാണ്. സ്വകാര്യ മേഖലയില്‍ വിദേശി പുരുഷന്മാരുടെ ശരാശരി വേതനം 1,939 റിയാലും വനിതകളുടെ ശരാശരി വേതനം 3,169 റിയാലുമാണ്.
ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 17.6 ലക്ഷം സൗദികളുണ്ട്. സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 18.6 ശതമാനമാണ്. സൗദിവല്‍ക്കരണം ഇത്രയും ഉയരുന്നത് ആദ്യമാണ്. സ്വകാര്യ മേഖലയില്‍ 77.1 ലക്ഷം വിദേശികളും ജോലി ചെയ്യുന്നു. സൗദികളും വിദേശികളും അടക്കം സ്വകാര്യ മേഖലയില്‍ ആകെ 94.7 ലക്ഷം ജീവനക്കാരാണുള്ളത്. സ്വകാര്യ മേഖലാ ജീവനക്കാരില്‍ വിദേശികള്‍ 81.4 ശതമാനമാണ്.
ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദികളും വിദേശികളും അടക്കമുള്ള ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ 7,749 കോടി റിയാല്‍ ചെലവഴിച്ചു. ഇതില്‍ 3,186 കോടി റിയാല്‍ സൗദികളുടെ വിഹിതവും 4,562 കോടി റിയാല്‍ വിദേശികളുടെ വിഹിതവുമാണ്. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് വേതനയിനത്തില്‍ ആകെ 7,670 കോടി റിയാലാണ് ലഭിച്ചത്. ഇതില്‍ 3,128 കോടി റിയാല്‍ സൗദികളുടെ വിഹിതവും 4,542 കോടി റിയാല്‍ വിദേശികളുടെ വിഹിതവുമായിരുന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിന് സ്വകാര്യ മേഖല 7,783 കോടി റിയാല്‍ ചെലവഴിച്ചു. ഇതില്‍ 3,012 കോടി റിയാല്‍ സൗദികള്‍ക്കും 4,771 കോടി റിയാല്‍ വിദേശികള്‍ക്കും വേതനം വിതരണം ചെയ്യുന്നതിനാണ് ചെലവഴിച്ചത്.