കൊച്ചി: വാഹനമോടിക്കുന്നയാള്‍ മദ്യപിച്ചാണ് അപകടം വരുത്തിയതെങ്കിലും മൂന്നാം കക്ഷിക്ക് തുടക്കത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി ബാധ്യസ്ഥരാണെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി ആദ്യഘട്ടത്തില്‍ മൂന്നാം കക്ഷിക്ക് പണം നല്‍കണമെന്നും തുടര്‍ന്ന് ഡ്രൈവറില്‍ നിന്നും ഉടമയില്‍ നിന്നും പണം തിരികെ വാങ്ങണമെന്നും ജസ്റ്റിസ് സോഫി തോമസ് ഉത്തരവിട്ടു.
മഞ്ചേരി മോട്ടോര്‍ ആക്സിഡന്റെ ക്ലെയിം ട്രൈബ്യൂണല്‍ നല്‍കിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി വാഹനാപകടത്തിന് ഇരയായ നിലമ്പൂര്‍ നടുവക്കാട് മുഹമ്മദ് റാഷിദ് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഉത്തരവ് 2013ല്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ ഗിരിവാസന്‍ എന്നയാള്‍ ഓടിച്ച കാറിടിച്ചാണ് മുഹമ്മദ് റാഷിദിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏഴ് ദിവസം ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷവും ആറ് മാസം വിശ്രമിക്കേണ്ടി വന്നു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹര്‍ജിക്കാരന്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ് അനുവദിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കാര്‍ ഡ്രൈവര്‍ക്കെതിരെ ചുമത്തിയ കേസിന്റെ കുറ്റപത്രത്തില്‍ മദ്യപിച്ചാണ് കാര്‍ ഓടിച്ചിരുന്നതെന്നും ഇത് ഡ്രൈവറോ ഉടമയോ നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനാല്‍ ഇന്‍ഷുറന്‍സ് ചെയ്തയാള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചിരുന്നു. എന്നാല്‍, മദ്യപിച്ച് വാഹനമോടിക്കുന്നത് പോളിസി നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് പോളിസി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, മൂന്നാം കക്ഷിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
തുടര്‍ന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ട നഷ്ടപരിഹാരത്തുകക്ക് പുറമെ 39,000 രൂപ കൂടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഈ തുക വര്‍ഷംതോറും ഏഴു ശതമാനം പലിശ നിരക്കില്‍ കോടതി ഹര്‍ജിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ടു മാസത്തിനകം നിക്ഷേപിക്കാനും കോടതി ഉത്തരവിട്ടു.