കാസര്‍കോട്- മറ്റൊരാളുടെ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ച് യുഎഇയിലേക്ക് യാത്ര ചെയ്ത കാസര്‍കോട് സ്വദേശിയായ യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ പിടികൂടി. ദുബായിലേക്ക് തിരിച്ചു പോകാനായി വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയ കാസര്‍കോട് പെരുമ്പള ബൈലങ്ങാടി സ്വദേശി സന്തോഷ് (30) ആണ് ഇമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്്. സംശയം തോന്നിയതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് സുക്ഷ്മമായി പരിശോധിച്ചപ്പോഴാണ് തമ്പാന്‍ എന്നയാളുടെ പേരിലുള്ള പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചതായി കണ്ടെത്തിയത്. സന്തോഷിനെ ബജ്‌പെ പോലീസിനു കൈമാറി.
ഇതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് എട്ടു മാസം മുമ്പ് ദുബായില്‍ നിന്നും സന്തോഷ് നാട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കുപ്രസിദ്ധ കാസര്‍കോട് വ്യാജ പാസ്‌പോര്‍ട്ട് മാഫിയ തരപ്പെടുത്തി നല്‍കിയതാണ് ഈ പാസ്‌പോര്‍ട്ട് എന്ന് സംശയിക്കപ്പെടുന്നു. തനിക്ക് പാസ്‌പോര്‍ട്ട് തരപ്പെടുത്തി തന്ന കാസര്‍ക്കോട്ടെ ഏജന്റുമാരെ കുറിച്ചുള്ള വിവരം സന്തോഷ് പോലീസിനു നല്‍കിയിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. സന്തോഷിന്റെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമ തമ്പാന്‍ എന്നയാളേയും പോലീസ് തിരയുന്നുണ്ട്.