മുംബൈ - ഐ-ലീഗ് ഫുട്‌ബോളിലെ ആറു ഗോള്‍ ത്രില്ലറില്‍ പത്തു പേരുമായി കേങ്ക്രെ എഫ്.സി ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് എഫ്.സിയെ സമനിലയില്‍ തളച്ചു (3-3). അഞ്ച് മിനിറ്റാവുമ്പോഴേക്കും രണ്ട് ഗോള്‍ ലീഡ് നേടിയത് കേങ്ക്രെക്ക് മുതലാക്കാനായില്ല. ഇരുപത്തേഴാം മിനിറ്റില്‍ സ്‌കോര്‍ 2-2 ല്‍ തുല്യമായി. മുപ്പത്തൊമ്പതാം മിനിറ്റില്‍ ലൂക്ക മയ്‌സനിലൂടെ പഞ്ചാബ് ആദ്യമായി മുന്നിലെത്തിയെങ്കിലും സെക്കന്റുകള്‍ക്കകം രഞ്ജിത് പാന്ദ്രെ ഗോള്‍ മടക്കി. ആദ്യ പകുതി പിന്നിടുമ്പോള്‍ സ്‌കോര്‍ 3-3 ആയിരുന്നു. ഇടവേള കഴിഞ്ഞയുടനെ സുരാജ് ജീത് സിംഗ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ കേങ്ക്രെ പ്രതിരോധത്തിലായി. എങ്കിലും 40 മിനിറ്റിലേറെ അവര്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു.
മൂന്നാം മിനിറ്റില്‍ പാന്ദ്രെയും അഞ്ചാം മിനിറ്റില്‍ അമന്‍ ഗയ്കവാദും നേടിയ ഗോളുകളാണ് കേങ്ക്രെക്ക് സ്വപ്‌നസമാനമായ തുടക്കം സമ്മാനിച്ചത്. ഒരു മിനിറ്റ് ഇടവേളയില്‍ പഞ്ചാബ് രണ്ടു ഗോളും മടക്കി. ഇരുപത്താറാം മിനിറ്റില്‍ ചെഞ്ചൊ ഗയ്ല്‍ഷനും അടുത്ത നിമിഷം നവോച സിംഗും സ്‌കോര്‍ ചെയ്തു.
14 കളികളില്‍ 30 പോയന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്തു തുടരുന്നു. ശ്രീനിധി ഡെക്കാനെക്കാള്‍ രണ്ട് പോയന്റ് മുന്നില്‍. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയാണ് (13 കളിയില്‍ 24) മൂന്നാം സ്ഥാനത്ത്. കേങ്ക്രെ 12 ടീമുകളില്‍ പതിനൊന്നാം സ്ഥാനത്താണ് (15 കളിയില്‍ 14).