തിരുവനന്തപുരം- മൂന്നുവയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച് രക്ഷിതാക്കള്‍. വര്‍ക്കല വെട്ടൂര്‍ വലയന്റെകുഴിയിലാണ് സംഭവം. അമ്മയുടെ അമ്മ, കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അംഗനവാടിയില്‍ പോകാന്‍ കുട്ടി മടികാണിച്ചതിനാണ് മര്‍ദ്ദിച്ചതെന്നാണ് വിവരം. സമീപവാസി ഇത് ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. പൊതുപ്രവര്‍ത്തകനായ അനില്‍ ചെറുന്നിയൂര്‍ വര്‍ക്കല പോലീസിലും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസര്‍ക്കും വീഡിയോ അടക്കം പരാതി നല്‍കി.
കുട്ടി അംഗന്‍വാടിയില്‍ പോകുന്നതില്‍ താല്പര്യം കാണിച്ചിരുന്നില്ല. കുട്ടിയെ അടുത്തുള്ള പ്ലേ സ്‌കൂളില്‍ ചേര്‍ത്തിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു. കുട്ടിയെ നിരന്തരമായി മര്‍ദ്ദിക്കുന്നതു കണ്ടാണ് വീഡിയോ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതെന്ന് അയല്‍വാസി പറഞ്ഞു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ച് മണിയോടെ കുഞ്ഞിന്റെ അച്ഛനും കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
സാമൂഹികമാധ്യമത്തില്‍ വീഡിയോ പ്രചരിച്ചതോടെ കുട്ടിയും അമ്മയും ബന്ധുക്കളുടെ വീട്ടിലേക്ക് മാറിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. സംഭവം പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.