കിയേവ്: സലാഹിന്റെയും റൊണാള്‍ഡോയുടെയും രാവാകുമെന്ന് കരുതപ്പെട്ട യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അവഗണിക്കപ്പെട്ടിരുന്ന ഗാരെത് ബെയ്ല്‍ താര സിംഹാസനം കീഴടക്കി.. ബെയ്‌ലിന്റെ തകര്പ്പന്‍ ബൈസിക്കിള്‍ കിക്ക് ഗോള്‍ റയല്‍ മഡ്രീഡിനെ തുടര്‍ച്ചയായ മൂന്നാം തവണയും യൂറോപ്പിന്‍റെ ഫുട്ബോള്‍ രാജാക്കന്‍മാരാക്കി. ലിവര്‍പൂളിനെയാണ് റയല്‍ തകര്‍ത്തത്. സൂപ്പര്‍ താരം ഈജിപ്തിന്‍റെ മുഹമ്മദ് സലാഹ് മുപ്പതാം മിനിറ്റില്‍ പരിക്കേറ്റ് കരഞ്ഞ് കളം വിടുന്നതിന് സാക്ഷിയായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു റയലിന്‍റെ ജയം.
ലിവര്‍പൂള്‍ ഗോളി വരുത്തിയ വന്‍ പിഴവാണ് റയലിന് ആദ്യഗോള്‍ സമ്മാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇസ്കോയുടെ ഷോട്ട് ലിവര്‍പൂളിന്‍റെ ക്രോസ്ബാറിന് തട്ടിത്തെറിച്ചതിന് പിന്നാലെയായിരുന്നു ഗോളിയുടെ പാസ് ലക്ഷ്യം തെറ്റി കരീം ബെന്‍സേമയുടെ കാലിലെത്തുകയും ഗോളാകുകയും ചെയ്തത്.
തൊട്ടുടനെ സാദിയൊ മാനെയിലൂടെ ലിവര്പൂള്‍ തിരിച്ചടിച്ചു. എന്നാല്‍ ബെയ് ലിന്‍റെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെ റയല്‍ ലീഡ് തിരിച്ചുപിടിച്ചു. ബെയ് ല്‍ തന്നെയാണ് മൂന്നാം ഗോളുമടിച്ചത്.