തിരുവനന്തപുരം : പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ കണ്ടെത്തിയ തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു. ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തിയെന്നാണ് കണ്ടെത്തല്‍. സോഫ്റ്റ് വെയറില്‍ തിരുത്തല്‍ വരുത്തി ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയതെന്നാണ് കെല്‍ട്രോണിന്റെയും പൊലീസിന്റെയും രഹസ്യാന്വേഷണത്തിലെ കണ്ടെത്തല്‍. ഗുരുതര ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെ ഓഫീസ് അറ്റന്റര്‍ ലിനയെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രവാസി ക്ഷേമ ബോര്‍ഡിലെ ജീവനക്കാരില്‍ മിക്കവരും താല്‍ക്കാലിക ജീവനക്കാരാണ്. ഭൂരിപക്ഷം പേരും രാഷ്ട്രിയ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളുമാണ്. ഈ താല്‍ക്കാലിക ജീവനക്കാരാണ് പെന്‍ഷന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. അന്വേഷണം എത്തിനില്‍ക്കുന്നതും ഇവരില്‍ ചിലര്‍ക്കെതിരെയാണ്. ഓണ്‍ ലൈനായിട്ടും അല്ലാതെയും പെന്‍ഷന്‍ പണം അടയ്ക്കാം. പ്രവാസികളില്‍ നിന്നും ഏജന്റുമാര്‍ ശേഖരിച്ച് നല്‍കുന്ന പണത്തിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്. പണം നല്‍കുമ്പോള്‍ പ്രത്യേക രസീതൊന്നും നല്‍കാറില്ല. സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക യൂസര്‍ ഐ ഡിയും പാസ് വേര്‍ഡും ഓരോ അക്കൗണ്ടും പരിശോധിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രത്യേക യൂസര്‍ ഐ ഡിയും നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഐ ഡികള്‍ വഴിയാണ് കൃത്രിമം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
ആറ്റിങ്ങല്‍ സ്വദേശിയായ സുരേഷ് ബാബു അംശാദായമായി അടച്ച തുക തിരികെ കിട്ടാന്‍ അദ്ദേഹത്തിന്റെ ഭാര്യ അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2009 ജൂണ്‍ 18 നാണ് സുരേ് ബാബു ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നത്. നാല് അടവിന് ശേഷം രോഗം ബാധിച്ച സുരേഷ് ബാബു പിന്നെ പണമടച്ചില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് സുരേഷ് ബാബു മരിച്ചു. ഭര്‍ത്താവ് അടച്ച തുകയെങ്കിലും തിരികെ കിട്ടണമെന്ന അപേക്ഷയുമായി ഭാര്യ പത്മലത ഒക്ടോബര്‍ 28 ന് ക്ഷേമനിധി ബോര്‍ഡില്‍ അപേക്ഷ നല്‍കി,
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അടച്ച തുക തിരികെ വേണമെന്ന പത്മപ്രഭയുടെ അപേക്ഷ പ്രകാരം ക്ഷേമ നിധി ബോര്‍ഡില്‍ സി ഇ ഒ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. സുരേഷ് ബാബുവിന്റെ പെന്‍ഷന്‍ അക്കൗണ്ട് ഇപ്പോള്‍ പത്തനംതിട്ട സ്വദേശിയായ ജോസഫ് എന്നയാളുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ 4235 രൂപ പ്രതിമാസം ജോസഫ് പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സുരേഷ് ബാബുവിന്റെ അക്കൗണ്ടില്‍ വ്യാപകമായി തിരുത്തല്‍ വരുത്തിയാണ് ജോസഫിന് പെന്‍ഷന്‍ നല്‍കിയതെന്നാണ് കണ്ടത്തല്‍. ബാബുവിന്റെ മുടങ്ങി കിടന്ന അക്കൗണ്ടിന്റെ കുടിശിക അടച്ചതായി സോഫ്റ്റ് വെയറില്‍ രേഖകളിലുണ്ട്. പക്ഷേ ഈ പണം അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. തനിക്കും അക്കൗണ്ട് ഉണ്ടായിരുന്നുവെന്നും ഒരു ഏജന്റ് പറഞ്ഞതനുസരിച്ചാണ് കുടിശ്ശിക അടച്ചതെന്നാണ് ജോസഫിന്റെ വാദം.
നോര്‍ക്ക ഓഫീസിലെ ജീവനക്കാര്‍ക്കും ഏജന്റ് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. പ്രവാസി പെന്‍ഷനില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് പ്രവാസി ക്ഷേമ നിധി ബോര്‍ഡ് സി ഇ ഒ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കെല്‍ട്രോണിന്റെയും പോലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. അന്യനാട്ടില്‍ കഷ്ടപ്പെട്ട് പണിയെടുത്ത് നാട്ടിലെത്തി വിശ്രമിക്കുന്ന പ്രവാസികള്‍ക്കുവേണ്ടി തുടങ്ങിയ പെന്‍ഷന്‍ പദ്ധതിയാണ് അട്ടിമറിക്കപ്പെടുന്നത്.