Sorry, you need to enable JavaScript to visit this website.

ചിന്തയുടെ പ്രബന്ധം പുനഃപരിശോധിക്കണം, ഗവര്‍ണര്‍ക്ക് നിവേദനം, വാഴക്കുലകളുമായി മാര്‍ച്ച്

തിരുവനന്തപുരം- തെറ്റുകളും കോപ്പിയടിയും കണ്ടെത്തിയ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധംവിദഗ്ധ സമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം. ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് കേരള യൂണിവേഴ്‌സിറ്റി മുന്‍ പി.വി.സി പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്കും കേരള വി.സിക്കും നിവേദനം നല്‍കിയത്. കോളജ് അധ്യാപകര്‍ക്ക് ഹ്രസ്വകാല പരിശീലനം നല്‍കാനുള്ള യു.ജി.സിയുടെ നിര്‍ദേശാനുസരണം ആരംഭിച്ചിട്ടുള്ള എച്ച്.ആര്‍.ഡി.സിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നു പി.പി. അജയകുമാറിനെ നീക്കം ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചിന്താ ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്നു പകര്‍ത്തിട്ടുള്ളതാണെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നുവെന്നും ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയത് കണ്ടെത്താന്‍ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും നിവേദനത്തില്‍ പറയുന്നു.
അക്കാദമിക് പ്രോഗ്രാമുകളുടെ സര്‍ഗസ്വഭാവവും മൗലികതയും നിലനിര്‍ത്തേണ്ട സ്ഥാപനങ്ങളാണ് സര്‍വകലാശാലകള്‍. ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ധാര്‍മികമായും അക്കാദമികപരമായും ബൗദ്ധികമായും സംഭവിക്കുന്ന ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ ആകരുത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍  സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുവാന്‍ ബാധ്യസ്ഥനാണ്. ക്രമക്കേടുകള്‍ക്ക് വി.സി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഉത്തരവാദികളാണ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ഈ ക്രമക്കേടുകള്‍ തടയണമെന്നാണ് നിവേദനത്തില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.
കേരള സര്‍വകലാശാലയില്‍നിന്നു 2021 ലാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ജെറോമിന് പി.എച്ച്.ഡി ബിരുദം നല്‍കിയത്. 'നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര  അടിത്തറ' എന്നതായിരുന്നു വിഷയം. ഇതില്‍ ഏറെ പ്രശസ്തമായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'വാഴക്കുല' എന്ന കവിത എഴുതിയത് വൈലോപ്പിള്ളി ശ്രീധരമേനോന്‍ ആണെന്ന് രേഖപ്പെടുത്തിയത് ആണ് ആദ്യം പുറത്തുവന്നത്. പിന്നാലെ ഇതെല്ലാം ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റില്‍ 2010 ഒക്‌ടോബര്‍ 20ന് ബ്രഹ്മപ്രകാശ് എഴുതിയ 'ദ മൈന്‍ഡ് സ്‌പെയിസ് ഓഫ് മെയിന്‍സ്ട്രീം മലയാള സിനിമ' എന്ന ലേഖനത്തില്‍നിന്നു കോപ്പി അടിച്ചതാണെന്നും തെളിവുസഹിതം പുറത്തുവന്നു. ഇതോടെ ചിന്തയുടെ ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉയരുകയായിരുന്നു.
കെ.എസ്.യു പ്രവര്‍ത്തകര്‍ വാഴക്കുലകളുമായി ഇന്നലെ യുവജന കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

 

Latest News