കൊച്ചി- ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ സാധിക്കില്ലെന്ന് എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. നാളെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനാലാണ് വരാന്‍ സാധിക്കാത്തതെന്ന് അറിയിച്ച അദ്ദേഹം ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം വരാന്‍ സന്നദ്ധനാണെന്നും അറിയിച്ചു. ഇമെയില്‍ വഴിയാണ് തന്റെ അസൗകര്യം അദ്ദേഹം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇ.ഡി മറുപടി നല്‍കി.
ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാല് കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇ.ഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്തത്. കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരു കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇ.ഡി കണ്ടെത്തല്‍. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, സ്വര്‍ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷന്‍ ഇടപാടിലെ കോഴ, ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നു സ്വപ്ന സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ആറ് കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്ന സുരേഷ് ആവര്‍ത്തിച്ചത്. ഇ.ഡി ശേഖരിച്ച തെളിവുകളില്‍ ഉന്നത സ്വാധീനത്താല്‍ കൃത്രിമം നടത്തിയോ എന്നറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. കോഴ പണം ലഭിച്ചവരില്‍ എം. ശിവശങ്കര്‍ ഉണ്ടെന്ന് കേസിന്റെ ചോദ്യം ചെയ്യലിന് ഹാജരായ സരിതും പറഞ്ഞിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)