കൊല്ലം : രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കൊല്ലത്തെത്തിയപ്പോള്‍ തന്നെ കാണാനെത്തിയ കൊച്ചു വേദികയ്ക്ക് അദ്ദേഹം ഒരു സ്വപ്‌ന സമ്മാനം വാഗാദാനം ചെയ്തിരുന്നു. തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ നാലാം ക്ലാസുകാരി പി.വി.വേദികയോട് ആരാകാനാണ് മോഹം എന്നായിരുന്നു രാഹുലിന്റെ ചോദ്യം. പൈലറ്റ് എന്നായിരുന്നു വേദികയുടെ ഉത്തരം, വിമാനത്തില്‍ കയറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. അതിനുള്ള അവസരം ഒരുക്കിത്തരാം എന്ന് രാഹുല്‍ പറയുകയും ചെയ്തു. എന്നാല്‍ ഇത് വെറുതെ പറഞ്ഞതല്ല. വേദികയ്ക്ക് നല്‍കിയ വാക്ക് കഴിഞ്ഞ ദിവസം രാഹുല്‍ പാലിച്ചു.
വേദിക ഇപ്പോള്‍ ഭയങ്കര സന്തോഷത്തിലാണ്. പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്ന വേദികയ്ക്ക് തിരുവനന്തപുരം മുതല്‍ കൊച്ചി വരെ വിമാനത്തില്‍ യാത്ര ചെയ്യാനും പൈലറ്റിനോട് സംസാരിക്കാനുമുള്ള അവസരമാണ് രാഹുല്‍ ഒരുക്കിയത്. വേദികയ്ക്ക് ഇനി രാഹുല്‍ ഗാന്ധിയെ നേരിട്ട് വിളിച്ച് നന്ദി പറയണമെന്നാണ് ആഗ്രഹം.
കഴിഞ്ഞ സെപ്റ്റംബര്‍ 16 ന് ഭാരത് ജോഡോ യാത്ര കൊല്ലത്ത് എത്തിയപ്പോഴാണ് വേദികയ്ക്ക് രാഹുല്‍ ഗാന്ധിയെ പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. 20 മിനിറ്റോളം വേദികയെ യാത്രയില്‍ ഒപ്പം കൂട്ടി.
രാഹുലിന്റെ വാഗ്ദാനത്തെക്കുറിച്ച് വേദിക പോലും മറന്നു പോയിരുന്നു. എന്നാല്‍ കെ.സി.വേണുഗോപാല്‍ എം പിയുടെ ഓഫീസ് കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു. വേദികയ്ക്ക് അവധിയുള്ള ദിവസവും പൈലറ്റിന്റെ സൗകര്യവും നോക്കിയാണ് ഇന്നലെ യാത്ര നടത്തിയത്. ആദ്യമായി വിമാനത്തില്‍ കയറിയ സന്തോഷത്തിലാണ് വേദിക. അച്ഛന്‍ വിനോദും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. വേദികയുടെ ഏറ്റവും വലിയ സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലാണ് അമ്മ പ്രിജിയും സഹോദരന്‍ വിവേകും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)