റിയാദ്- സൗദി സൂപ്പർ കപ്പ് ഇത്തിഹാദിന്. രണ്ടു ഗോളുകൾക്കാണ് അൽ ഫൈഹയെ ഇത്തിഹാദ് തോൽപ്പിച്ചത്. മൂന്നാമത്തെ മിനിറ്റിൽ അബ്ദുൽ റസാഖ് ഹംദുല്ലയാണ് ഇത്തിഹാദിന് വേണ്ടി ആദ്യ ഗോൾ നേടിയത്. അബ്ദുറഹ്മാൻ അൽ സഫരി 24-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ അൽ ഫൈഹപത്തുപേരായി ചുരുങ്ങി. നാൽപതാം മിനിറ്റിൽ റൊമാരിഞ്ഞോ ഗോളടിച്ചെങ്കിലും വീഡിയോ പരിശോധനയിൽ ഗോൾ അനുവദിച്ചില്ല.
ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഇത്തിഹാദിന്റെ അബ്ദുറഹ്മാൻ അൽ അബൂദ് പാഴാക്കി. എന്നാൽ രണ്ടാം പകുതി തുടങ്ങി മൂന്നാമത്തെ മിനിറ്റിൽ അബ്ദുൽ റസാഖ് ഹംദുല്ല ഇത്തിഹാദിന്റെ രണ്ടാം ഗോളും നേടി. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അൽ നസ്‌റിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇത്തിഹാദ് ഫൈനലിൽ എത്തിയത്. ഹിലാലിനെ ഒരു ഗോളിന് തോൽപിച്ചാണ് ഫൈഹയുടെ ഫൈനൽ പ്രവേശം.