സലാല/ഏദന്‍ - ഒമാന്‍, യമന്‍ തീരങ്ങളില്‍ ശനിയാഴ്ച രാവിലെ എത്തിയ മെകുനു ചുഴലിക്കാറ്റില്‍ പത്ത് പേര്‍ മരിച്ചു. 40 പേരെ കാണാതായി. ശക്തമായി വീശിയ കാറ്റിലും മഴയിലും യെമനില്‍ ഏഴുപേരും ഒമാനില്‍ മൂന്നു പേരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യെമനില്‍ മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരും സുഡാനികളുമടക്കം 19 പേരെ യെമനില്‍ കാണാതായിട്ടുണ്ട്.
പന്ത്രണ്ടുവയസ്സാ കുട്ടിയടക്കം മൂന്നുപേരാണ് ഒമാനില്‍ മരിച്ചത്. ശക്തമായ കാറ്റില്‍ ചുവരില്‍ തലയിടിച്ചാണ് കുട്ടി മരിച്ചത്.
കനത്ത മഴയില്‍ യെമനില്‍ പല ഗ്രാങ്ങളും വെള്ളത്തിനടിയിലായി. 14 ഇന്ത്യന്‍ നാവികര്‍ കാറ്റിനെ തുടര്‍ന്ന് യെമനില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി പറഞ്ഞു. കൂടുതല്‍ നാശം നഷ്ടം റിപ്പോര്‍ട്ടു ചെയ്ത സ്‌കോട്ര ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒമാന്റെ മറ്റു പ്രദേശങ്ങളി നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ് തലസ്ഥാന നഗരമായ സലാല. ഇവിടേക്കുള്ള കര, വ്യോമഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. സലാല വിമാനത്താവളം നേരത്തെ തന്നെ അടച്ചിരുന്നു. മലവെള്ളപ്പാച്ചിലില്‍ ഒട്ടേറെ റോഡുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ ഒലിച്ചുപോയി. വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മെകുനു ചുഴലിക്കൊടുങ്കാറ്റ് സലാലയില്‍ ആഞ്ഞു വീശീയത്. മണിക്കൂറില്‍ ഇരുനൂറു കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. ഒമാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണിത്. ഒട്ടേറെ കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. അരുവികള്‍ നിറഞ്ഞൊഴുകുകയാണ്.
അടുത്ത 36 മണിക്കൂറില്‍ ദോഫാര്‍ പ്രവിശ്യയില്‍ 200 മുതല്‍ 600 മില്ലീ മീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
സമൂഹമാധ്യമങ്ങള്‍ വഴി വിവിധ ഭാഷകളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ദീപ്, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകള്‍ സലാലയിലേക്ക് തിരിച്ചിട്ടുണ്ട്. മരുന്നും വെള്ളവും ഭക്ഷണവുമടക്കമുള്ള അവശ്യസാധനങ്ങളുമായാണ് കപ്പലുകള്‍ തിരിച്ചത്.
വന്‍ കടല്‍ ക്ഷോഭവും കനത്ത മഴയും കാറ്റും വിതച്ചാണ് മെകുനുവിന്റെ വരവ്. പലയിടത്തും വൈദ്യുതി വിതരണം നിലച്ചു. സലാലയുടെ ഒരു ഭാഗത്ത് പൂര്‍ണമായും വൈദ്യുതി ബന്ധം മുറിഞ്ഞു. ബീച്ചിലെ ടൂറിസ്റ്റ് കേന്ദ്രം പൂര്‍ണമായും കടലെടുത്തു. ദുരന്തസാധ്യത കണക്കിലെടുത്ത് സലാല, അല്‍ വുസ്ത പ്രവിശ്യകളിലെ തീരങ്ങളില്‍ നിന്ന് നേരത്തെ തന്നെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു.
മെകുനുവിന്റെ വരവ് കണക്കിലെടുത്ത് വ്യാഴാഴ്ച തന്നെ സലാല ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ട് അടച്ചിരുന്നു. ആയിരക്കണക്കിന് ടൂറിസ്റ്റുകളില്‍ അതിനു മുമ്പെ ഇവിടം വിട്ടു. യുഎഇയുടെ ഇന്ത്യയുടേയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മെകുനു ഉഗ്രശേഷിയില്‍ ആഞ്ഞു വീശുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.
മെകുനു ബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ഇന്ത്യക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവരെ സ്‌കൂളുകളുകളിലും മറ്റു കെട്ടിടങ്ങളിലും പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മന്‍പ്രീത് സിങ് അറിയിച്ചു.