Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങൾ ആർപ്പുവിളി സംഘങ്ങളായി മാറി -മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം- രാജ്യത്തെ മാധ്യമങ്ങൾ അധികാര കേന്ദ്രങ്ങളുടെ ആർപ്പുവിളി സംഘങ്ങളായി മാറിയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. സ്വതന്ത്ര മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളി ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണെന്നും ഈ പ്രതിസന്ധിക്ക് മുന്നിൽ നിസംഗരോ നിഷ്‌ക്രിയരോ വിധേയരോ ആയി മിക്ക മാധ്യമങ്ങളും മാറുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി നേരിടുന്നതു വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഈ പ്രതിസന്ധിക്കു മുന്നിൽ നിശബ്ദരായി നിൽക്കുകയും അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയുമാണു മാധ്യമങ്ങൾ ചെയ്യുന്നത്. മാധ്യമങ്ങളിൽ പലതും അധികാരത്തിന്റെ ആർപ്പുവിളി സംഘമാകാൻ വ്യഗ്രതകാട്ടുന്നു. ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമാണിത്. ലോക പ്രസ് ഫ്രീഡം ഇൻഡെക്‌സിൽ 150-ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനം അപകടകരമായ സാഹചര്യത്തിലാണെന്നാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും മാധ്യമങ്ങളിൽ ചർച്ചയാകുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും ഇക്കാര്യങ്ങളോടു മുഖംതിരിച്ചു നിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ '21-ാം നൂറ്റാണ്ടിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും 'ദി വയർ' എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തനത്തിന്റെ രീതി അധികാര കേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തനം എങ്ങനെയാകണമെന്ന് അധികാര കേന്ദ്രങ്ങളിൽ നിശ്ചയിക്കപ്പെടുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. 
പത്ര, ദൃശ്യ മാധ്യമങ്ങളിലെയും ഇന്റർനെറ്റിലെയും ഉള്ളടക്കങ്ങളിൽ അധികാരികൾ സ്വാധീനം ചെലുത്തുന്നതാണ് മാധ്യമ മേഖല നേരിടുന്ന പ്രധാന വലിയ വെല്ലുവിളി. മുഖ്യധാരാ മാധ്യമങ്ങൾ പലതും സർക്കാരുകളുടെ സ്തുതിപാഠകരായി മാറുന്നു. മാധ്യമങ്ങൾക്കും മാധ്യമസ്വാതന്ത്ര്യത്തിനുമെതിരെ സർക്കാർ ഇടപെടലുകൾ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും വർത്തമാനകാലത്ത് ഇതിനോടുള്ള ശത്രുതാമനോഭാവവും അസഹിഷ്ണുതയും ഏറ്റവും ഉയർന്ന തലത്തിലേക്കെത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് ജനങ്ങളുടെ വിശ്വാസം കുറയുന്നതും സ്വതന്ത്ര മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളിയാണെന്നു അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വിവാന്റയിലെ ഏതൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ  പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോർജ്, സെക്രട്ടറി അനുപമ ജി. നായർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ഡയറക്ടർ കെ. അബ്ദുൽ  റഷീദ്, ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
 

Latest News