കോഴിക്കോട്- കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ കരകയറ്റുവാന്‍ സ്വകാര്യ വല്‍ക്കരണം അനിവാര്യമായിരിക്കയാണെന്ന് മലബാര്‍ വികസന ഫോറം. കരിപ്പൂര്‍ വിമാനതാവളത്തെ സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായികളേയും പ്രവാസികളേയും രാഷട്രീയ നേതാക്കളേയും പങ്കെടുപ്പിച്ച് പെരുന്നാളിനു ശേഷം യോഗം ചേരുമെന്ന് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഇന്ത്യയിലെ സ്വകാര്യ വിമാനത്താവളങ്ങള്‍ മെച്ചപ്പെട്ട സേവനങ്ങളും കൂടുതല്‍ സര്‍വീസുകളും നടത്തി മുന്നേറ്റം നടത്തുമ്പോള്‍ കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം പോലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങള്‍ ഉദ്യോഗസ്ഥ മേലാളന്മാരുടെ അഴിമതിയുടെ താവളമാക്കി മാറ്റി തകര്‍ക്കപ്പെടുന്നു.
ദല്‍ഹിയിലുള്ള എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെ മലയാളിയും കോട്ടയക്കാരനുമായ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് കരിപ്പൂരിനെ അട്ടിമറിച്ച് സര്‍ക്കാറിന് കോടികള്‍ നഷ്ടം വരുത്തുന്നതെന്ന് കെ.എം. ബഷീര്‍ ആരോപിക്കുന്നു.
കരിപ്പൂരില്‍ ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് 2018 ജനുവരിയില്‍ ഡി.ജി.സി.എയോട് ശുപാര്‍ശ ചെയ്തത് എയര്‍പ്പോര്‍ട്ട് അതോറിറ്റിയിലെ മലയാളി ഉദ്യോഗസ്ഥനായിരുന്നു. തുടര്‍ന്ന് ഡി.ജി.സി.എ നടപടിക്രമങ്ങളുടെ ഭാഗമായി ചില രേഖകളും വിവരങ്ങളും ആവശ്യപെട്ടു.
കഴിഞ്ഞ ഏപ്രില്‍ ഒന്നാം വാരം ഡി. ജി.സി.എ ആവശ്യപെട്ട രേഖകളും വിവര ങ്ങളും മുഴുവനും സൗദി എയര്‍ലൈന്‍സ് ഡി.ജി.സി.എക്ക് സമര്‍പ്പിക്കുവാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സമര്‍പ്പിച്ചു.
കരിപ്പൂരില്‍നിന്ന് ഡി.ജി.സിഎക്ക് സമര്‍പ്പിക്കാനായി എയര്‍പ്പോര്‍ട്ട് അതോറിറ്റി ആ സ്ഥാനത്തേക്ക് അയച്ചപ്പോള്‍ മലയാളി ഉദ്യോഗസ്ഥന്‍ വീണ്ടും മനസ്സ് മാറ്റി.
നെടുമ്പാശ്ശേരി,കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് ലാഭം കൂട്ടാനുള്ള തന്ത്രമാണ് ഉദ്യോഗസ്ഥന്‍ നടത്തുന്നതെന്ന് പരക്കെ പരാതി ഉയര്‍ന്നതില്‍ വ്യക്തമായ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങളെന്ന് കെ.എം. ബഷീര്‍ കുറ്റപ്പെടുത്തുന്നു.
കരിപ്പൂരിനെ അട്ടിമറിച്ച് സ്വന്തം കീശനിറക്കുവാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ നിലക്ക് നിര്‍ത്തുവാന്‍ കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തിനായി തയ്യാറാവണം.
പ്രവാസികളും വ്യവസായികളും നാട്ടുകാരും കരിപ്പൂരിനെ ഏറ്റെടുക്കട്ടെയെന്നും ഈ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു.