തൃശൂര്‍ - കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളടക്കം മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ചിറമേനങ്ങാട് റോഡില്‍ മെഹഫില്‍ മന്‍സിലില്‍ ഹാരിസിന്റെ ഭാര്യ ഷഫീന (28), മക്കളായ അജുവ (മൂന്ന്), അമന്‍ (ഒന്നര എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കാളുവളപ്പില്‍ ഹാരിസിന്റെ ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്.
വീടിന് മുകളിലത്തെ ബാല്‍ക്കണിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഹാരിസിന്റെ ഉമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പോലീസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴികളും വിശദാംശങ്ങളും ശേഖരിക്കുകയാണ്. ഏട്ടാനുജന്മാര്‍ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടിലാണ് സംഭവം നടന്നത്. സംഭവ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവിന്റെ ഉമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരിച്ച യുവതിയുടെ ഭര്‍ത്താവ് ഹാരിസ് വിദേശത്താണ്. രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് അമ്മയുടെയും കുട്ടികളുടെയും മരണ വിവരം ആദ്യം അറിയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ബന്ധുവിന്റെ വിവാഹം പങ്കെടുത്ത ശേഷം ശനിയാഴ്ച രാത്രിയിലാണ് കുടുംബം വീട്ടിലെത്തിയത്. വിവരമറിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം കത്തിക്കാനുള്ള ഇന്ധനം കൊണ്ടുവന്നത് എന്ന് കരുതുന്ന രണ്ടു കുപ്പികളും, ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന ഡയറിയും കാര്‍ പോര്‍ച്ചില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എരുമപ്പെട്ടി പോലീസും സയന്റിഫിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. റാസല്‍ഖൈമയില്‍ ജോലിചെയ്യുന്ന ഹാരിസ് ആറുമാസം മുമ്പാണ് നാട്ടില്‍ അവധിക്കെത്തി തിരിച്ചു പോയത്.