പത്തനംതിട്ട- ശബരിമലയില്‍ വഴിപാടായി ലഭിക്കുന്ന വന്‍ നാണയ ശേഖരം എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാന്‍ ആലോചനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച് രണ്ട് പദ്ധതികളുടെ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം തന്നെ ബോര്‍ഡിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു എന്‍ജിനീയറിംഗ് കോളേജില്‍നിന്നും, മറ്റൊന്ന് കേരളത്തിലെ തന്നെ ഒരു സംരംഭകനില്‍നിന്നുമാണ് നിര്‍ദേശം ലഭിച്ചത്.
എന്‍ജിനീയറിംഗ് കോളേജിലെ നിര്‍മിത ബുദ്ധി വിഭാഗത്തില്‍നിന്നുള്ള സംഘം ഇതിന്റെ ഒരു പ്രാഥമിക രൂപവും പ്രവര്‍ത്തനവും വിശദീകരിച്ചതായി ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാ നിര്‍ദ്ദേശങ്ങളും പരിശോധിച്ച ശേഷം, സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സംരംഭകനോടും ബോര്‍ഡിന് മുന്നില്‍ ഇതേകുറിച്ച് പ്രസന്റേഷന്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനന്തഗോപന്‍ പറഞ്ഞു.