വടക്കാങ്ങര- വടക്കാങ്ങര ഉമറുൽ ഫാറൂഖ് ജുമാമസ്ജിദിൽ നടന്ന മോഷണത്തിലെ പ്രതിയെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വടക്കാങ്ങര കിഴക്കേകുളമ്പ ഉമറുൽ ഫാറൂഖ് ജുമാ മസ്ജിദിൽ ഖത്തീബിന്റെ മുറി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ബേപ്പൂർ സ്വദേശി കുപ്പയിൽ ഷംസുദ്ദീനെ (37) മങ്കട എസ്.ഐ സി.കെ നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത കാലത്തായി ജില്ലയിലും പരിസര പ്രദേശങ്ങളിലും നടന്ന സമാനരീതിയിലുള്ള മോഷണളെക്കുറിച്ചും പ്രതികളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മോഷണം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് സി.സി.ടി.വി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റേയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വിവരം ലഭിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.പ്രതി നേരത്തെയും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റു പല പോലീസ് സ്‌റ്റേഷനുകളിലും കേസുകൾ നിലവിലുണ്ടെന്നും പോലീസിന്റെ ചോദ്യം ചെയ്യലിൽ മനസ്സിലായി. മങ്കട എസ്.ഐ സി.കെ നൗഷാദ്,എസ്.ഐമാരായ അനിൽകുമാർ,അബ്ദുൽ സലിം,സമീർ പുല്ലോടൻ, മുഹമ്മദ് സുഹൈൽ, രാജീവ്,നവീൻ, അനീഷ്, പ്രജീഷ്, റീന,ധന്യ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.പ്രതിയെക്കുറിച്ച് കൂടുതൽ അന്വോഷണം നടത്തി വരികയാണെന്ന് എസ്.ഐ സി.കെ നൗഷാദ് അറിയിച്ചു.