കൊച്ചി- ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ. ഡി എം. ശിവശങ്കറിന് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച്ച കൊച്ചിയിലെത്താനാണ് ഇ. ഡി നിര്‍ദേശിച്ചിരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ശിവശങ്കറിന്റെ വിരമിക്കല്‍ തിയ്യതിയും. അതിനാല്‍ ചോദ്യം ചെയ്യലിനുള്ള ദിവസം മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് ശിവശങ്കറിനെതിരെയുള്ള കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാല് കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ശിവശങ്കറിനെതിരെ കേസെടുത്തത്.
കരാര്‍ ലഭിക്കാന്‍ സ്വപ്‌ന സുരേഷാണ് ഇടനിലക്കാരിയായതെന്നും അതിനായി ഒരു കോടി രൂപ ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് ഈ പണമാണ് കണ്ടെത്തിയതെന്നുമാണ് ഇ. ഡി പറയുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതിയായ സന്ദീപ് നായരെയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും ഇ. ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.