ദമാം-പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ റവന്യു റിക്കവറി രാഷ്ട്രീയ പകപോക്കൽ അല്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. ദമാം നവയുഗം നടത്തുന്ന നവയുഗ സന്ധ്യയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ അദ്ദേഹം ദമാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു. ഏതെങ്കിലും നിരപരാധികൾ ഇതിൽ ഉൾപെട്ടിട്ടുണ്ടങ്കിൽ നിയമമാർഗ്ഗം സ്വീകരിച്ച് നിരപരാധിത്തം തെളിയിക്കാൻ അവസരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വളർച്ചയിൽ ഏറ്റവും നിർണ്ണായകമായ പങ്കു വഹിക്കുന്നത് പ്രവാസികളാണെന്നും അവരോടൊപ്പം ചേർന്ന് നിൽക്കുന്നതാണ് കേരള സർക്കാരിന്റെ സമീപനമെന്നും . ഐക്യ കേരളം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത് കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങൾ ആയിരുന്നെങ്കിലും ഇന്നീ കാണുന്ന ഐക്യ കേരളത്തെ പുതുക്കിപണിയുന്നതിൽ പ്രവാസികളുടെ പങ്കു അവിസ്മരണീയമാണെന്നും അത് കൊണ്ട് തന്നെ പ്രവാസികൾ കേരളത്തിന്റെ നട്ടെല്ലാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ പോലും പ്രവാസികൾ റവന്യു വകുപ്പിൽ വിവിധ തലങ്ങളിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. വളരെ പെട്ടന്ന് തന്നെ ഇത്തരം പ്രശനങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ സംവിധാനം അടിയന്തിരമായി ഒരുക്കും. മന്ത്രിയായി ചുമതലയേറ്റ തുടക്കം മുതൽ മിഷൻ ആന്റ് വിഷൻ എന്ന കാഴ്ചപ്പാടോട് കൂടി അഞ്ചു കൊല്ലത്തെ പദ്ധതി ആവിഷ്‌ക്കരിച്ചു ഈ വകുപ്പിനെ നൂതന സംവിധാനത്തോടെ മാറ്റി മറിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്നതായി മന്ത്രി അവകാശപ്പെട്ടു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന രീതിയിൽ ഇടതു പക്ഷ സർക്കാർ ഈ വകുപ്പിൽ മാറ്റങ്ങൾ വരുത്താൻ തുടക്കമിടുകയും സങ്കീർണ്ണമായ നിരവധി പ്രശ്‌നങ്ങളുള്ള ഈ വകുപ്പിൽ അടിമുടി വിപ്ലവാത്മകമായ ചലനങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദ്യേശത്തോടെ പൂർണ്ണമായ ഡിജിറ്റലൈസേഷൻ നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു സർക്കാർ. ജില്ലാ തല റവന്യു അസംബ്ലി എന്ന സംവിധാനം ഒരുക്കി സങ്കീർണ്ണമായ റവന്യു പ്രശനങ്ങളെ അക്കമിട്ടു നിരത്താനും അത് പരിഹരിക്കാനും റവന്യു ദുരന്ത നിവാരണ സമിതിയുടെ തലവന്മാർ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ എല്ലാ ചൊവ്വാഴ്ചയും ക്യാബിനെറ്റ് പോലെ യോഗം ചേർന്ന് റവന്യു സെക്രട്ടെറിയറ്റ് രൂപീകരിക്കുകയും പ്രശ്‌ന പരിഹാരം ഉണ്ടാക്കുകയും ചെയ്തു വരുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമ സഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ പറഞ്ഞ പട്ടയ മിഷൻ കൊണ്ട് ലക്ഷ്യമിടുന്നത് പട്ടയമില്ലാതെ വർഷങ്ങളായി ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക് ആശ്വാസമായി അവരുടെ പ്രയാസങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്തി പട്ടയം നൽകാൻ നടപടി സ്വീകരിക്കാനുള്ള പദ്ധതിയാണെന്ന് മന്ത്രി ചൂണ്ടി കാട്ടി. മുൻകാലങ്ങളിൽ വിവിധ മേഖലകളിൽ കുടിയേറിയവർക്ക് അതാതു വകുപ്പുകളുടെ അനുമതിയും മുപ്പതോളം ചട്ടങ്ങളും പരിശോധിച്ച് വേണം പട്ടയം നൽകേണ്ടത്. ഇത്തരം സംവിധാനങ്ങളെ വളരെ പെട്ടന്ന് തന്നെ കണ്ടെത്തി തീർപ്പ് കൽപ്പിക്കുകയും ഭൂമിക്കു രേഖയില്ലാതെ കഷ്ടപ്പെടുന്നവർക്ക് എത്രയും പെട്ടന്ന് പട്ടയം നൽകുവാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യ മിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി ആധാറും തണ്ടപ്പേരും കൂട്ടിച്ചേർത്തു ഭൂമിയുടെ ഉടമസ്ഥാവകാശം നിജപ്പെടുത്തുന്ന സംവിധാനം നടപ്പാക്കിയത് കേരളത്തിൽ ആണെന്നും ഇതെല്ലാം കൂടി വരുന്ന സംവിധാനമാണ് പട്ടയ മിഷൻ എന്നതെന്നും ഇതിലൂടെ എല്ലാവര്ക്കും ഭൂമി എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ സാധിക്കുമെന്നും മന്ത്രി രാജൻ കൂട്ടിച്ചേർത്തു.
എന്നാൽ ഭൂമി അധികം കൈവശം വെച്ച് ഈ സർക്കാരിനെയും വകുപ്പിനെയും കബളിക്കാൻ ശ്രമിച്ചാൽ ഒരു മടിയും കൂടാതെ എത്ര ഉന്നതൻ ആയാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു ആ ഭൂമി പിടിച്ചെടുത്തു അർഹരായവർക്ക് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളം ലോകത്തിനു മുന്നിൽ ഒരു കേരള മോഡൽ അവതരിപ്പിക്കുകയാനെന്നും ആധുനിക സംവിധാനത്തോടെ കേരളത്തിലെ ആകെ 1666 വില്ലേജുകളിൽ 915 വില്ലേജുകളിൽ ഭൂമികൾ ഡിജിറ്റൽ റീ സർവേ നടത്തുകയും അതിലൂടെ ഭൂമികൾ അളന്നു ചിട്ടപ്പെടുത്തുന്ന സംവിധാനങ്ങൾ ആരംഭിച്ചതായും നാല് വർഷത്തിനിടയിൽ ഇത് പൂർത്തീകരിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ സർവേയുടെ ഭാഗമായി എൻറെ ഭൂമി എന്ന ഒരു പോർട്ടൽ ആരംഭിക്കുകയും ഭൂഉടമകളുടെ ഭൂമി അളക്കാൻ പോകുന്നത് മുതൽ അളന്നു തിട്ടപ്പെടുത്തി ഈ പോർട്ടലിൽ രേഖപ്പെടുതുന്നതോടെ ഭൂമി സംബന്ധിച്ചുള്ള ക്രയ വിക്രയങ്ങൾക്ക് എളുപ്പമാക്കാൻ സാധിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഈ സംവിധാനം ഉപയോഗിച്ച് ലോകത്തിൻറെ ഏതു ഭാഗത്ത് നിന്നും കേരളത്തിൽ എവിടെ വേണമെങ്കിലും ഭൂമി വാങ്ങിക്കാൻ സാധിക്കുമെന്നും ഇതിനായി രജിസ്‌ട്രേഷൻ വകുപ്പിൽ റജിസ്റ്റർ ചെയ്യുന്ന പേളും, റവന്യു വകുപ്പിന്റെ ഭാഗമായ റിലീസും, സർവ്വേ വകുപ്പിന്റെ ഭാഗമായ ഇ മാപ്പും, കൂട്ടിയോചിപ്പിച്ചു കേരളത്തിൽ ഒരു ഇന്റഗ്രേ്റ്റ്ഡ് പോർട്ടൽ സ്ഥാപിച്ചതായും ഭൂമിയുടെ ക്രയവിക്രയങ്ങളിൽ രജിസ്റ്റർ ചെയ്തു പണം കൊടുക്കുന്ന സമയത്ത് തന്നെ ഭൂമിയുടെ പോക്ക് വരവിനു സാധ്യമായ സ്ഥലമാണോ അതിർത്തികൾ രേഖകളിൽ കാണുന്ന പ്രകാരം കൃത്യമാണോ എന്നിവ തിട്ടപ്പെടുത്താൻ കഴിയുന്ന സംവിധാനമാണ് ഇന്റഗ്രേറ്റഡ് പോർട്ടൽ. കേരളം ഇന്ത്യയുടെ ചരിത്രത്തിൽ ആത്ഭുതകരമായ ഒരധ്യായം രചിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
റവന്യു വകുപ്പിൽ പൂർണ്ണമായും ഡിജിറ്റൽ സംവിധാനം വരുന്നതോടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി ലഭിച്ചു തുടങ്ങിയതായും അത് കൊണ്ട് തന്നെ ഇത്തരം സംവിധാനം ഒരു വീട്ടിൽ ഒരാൾക്കെങ്കിലും മനസ്സിലാക്കി പഠിപ്പിക്കുവാനും അത് പ്രയോഗവൽക്കരിക്കുവാനും റവന്യു വകുപ്പിൽ ഇ സാക്ഷരത യജ്ഞം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നു മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിനുത്തരമായി മന്ത്രി കെ രാജൻ പറഞ്ഞു. സർക്കാരും റവന്യു വകുപ്പും ഇതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിരുന്നത് ഇതിനായുള്ള ഭൂമി ഔപജാരികമായി ഏറ്റടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെയും റയിൽവേ മന്ത്രാലയത്തിന്റെയും അനുമതി ഉണ്ടെങ്കിൽ മാത്രമേ കഴിയൂ എന്നത് വ്യക്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. അതിന്റെ മറ്റു നടപടി ക്രമങ്ങൾ തുടരുന്നുണ്ടെന്നും അത് പൂർത്തിയാകുന്ന മുറക്ക് കേന്ദ്ര സർക്കാരിന്റെയും മറ്റു വിവിധ വകുപ്പുകളുടെയും അനുമതി ലഭിച്ചാൽ മാത്രമേ ഇത് തുടരൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം പ്രവാസി നിക്ഷേപ സൗഹൃദ സംസഥാനമാണെന്നും വ്യവസായികളെ ദ്രോഹിക്കുന്ന നിലപാട് ഇടതുപക്ഷ സർക്കാറിന്റെ നയമല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീഡിയ ഫോറം പ്രസിഡൻറ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു. നവയുഗം നേതാക്കളായ എം എ വാഹിദ് കാര്യറ, ജമാൽ വില്ല്യാപ്പിള്ളി എന്നിവർ സംബന്ധിച്ചു. സുബൈർ ഉദിനൂർ സ്വാഗതവും പ്രവീൺ കുമാർ തൃപ്പ്രയാർ നന്ദിയും പറഞ്ഞു.