- എസ്.എസ്.എഫ് ഗോൾഡൻ 50 പ്രതിനിധി സമ്മേളനത്തിന് പ്രൗഢമായ തുടക്കം
- ഗൾഫ് രാജ്യങ്ങളിൽ പോലും ഇന്ത്യയിലെ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്ന് പൊന്മള അബ്ദുൽഖാദർ മുസ്‌ലിയാർ
- രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട് - ഇന്ത്യ പോലെ ഇസ്‌ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യമില്ലെന്ന് സമസ്ത സെക്രട്ടറി പൊന്മള എം.എ അബ്ദുൽഖാദർ മുസ്‌ലിയാർ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് എസ്.എസ്.എഫിന്റെ ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. സൗദി ഉൾപ്പടെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിൽപോലും ഇവിടുത്തെ സ്വാതന്ത്ര്യമില്ല. താഴെത്തട്ടുവരെ മതപ്രവർത്തന സ്വാതന്ത്ര്യം ഉള്ള രാജ്യമാണ് ഇന്ത്യ.
ലോകരാഷ്ട്രങ്ങൾ പരിശോധിക്കുമ്പോൾ, നമ്മുടെ ദീനിയായ പ്രവർത്തനം ഇന്ന് നമ്മൾ നടത്തും പോലെ നടത്താൻ സ്വാതന്ത്ര്യമുള്ള ഒരൊറ്റ രാജ്യവുമില്ല. നമ്മുടെ രാജ്യത്ത് നടക്കുന്ന സംഘടനാ പ്രവർത്തനങ്ങൾ എവിടെയാണ് നടക്കുക? നമ്മൾ പരിചയമുള്ള ഗൾഫ് നാടുകളായ യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളായാലും ഇനി കിഴക്കൻ രാജ്യങ്ങൾ മലേഷ്യ, സിങ്കപ്പൂർ പോലുള്ള രാജ്യങ്ങളിലായാലും അവിടങ്ങളിലൊന്നും നമ്മുടെ ഈ പ്രവർത്തനത്തിന് പറ്റിയ സ്ഥിതിയല്ല. നമ്മൾ വിവിധ തലങ്ങളിലായി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടേയിരിക്കുകയാണ്. ഇങ്ങനെ കൂടാൻ ഇസ്‌ലാമിക രാജ്യങ്ങൾ എന്നു പറയുന്ന സൗദിയിൽ, ഖത്തറിൽ, യു.എ.ഇയിൽ, കുവൈത്തിൽ, ബഹ്‌റൈനിൽ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
പ്രതിനിധിസമ്മേളനം സ്വപ്‌ന നഗരിയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ പ്രവർത്തിക്കണം. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ല. അത്തരം വിധ്വംസക പ്രവർത്തനങ്ങളല്ല വിദ്യാഭ്യാസ വിപ്ലവമാണ് വിദ്യാർത്ഥികളിൽ നിന്നുണ്ടാകേണ്ടത്.
സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണ്. മുൻഗാമികളായ സജ്ജനങ്ങളുടെ വഴിയിലൂടെയാണ് പുതു തലമുറയും സഞ്ചരിക്കേണ്ടതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് അലി ബാഫഖി തങ്ങൾ, ടി കെ അബ്ദുർറഹ്മാൻ ബാഖവി, ജാബിർ സഖാഫി പാലക്കാട് പങ്കെടുത്തു. രിസാലയുടെ പുതിയ ലക്കത്തിന്റെ പ്രകാശനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കർണാടക മുൻ മന്ത്രി യു.ടി ഖാദറിന് നൽകി നിർവ്വഹിച്ചു. കേരള ഹജജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅ്ഫർ പ്രസംഗിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 7000 വിദ്യാർത്ഥികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം, സംഘടന എന്നീ ആറു മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ നടക്കുന്നത്. 17 സെഷനുകളിലായി 50 പ്രമുഖരാണ് സംബന്ധിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സമ്മേളനം നാളെ വിദ്യാർത്ഥി റാലിയോടെ സമാപിക്കും. സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ പുതിയ ഭാരവാഹികളെയും പ്രതിനിധി സമ്മേളനത്തിൽ തെരഞ്ഞെടുക്കും.