Sorry, you need to enable JavaScript to visit this website.

താമരശ്ശേരി ചുരത്തില്‍ എയര്‍ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,  യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഫിറോസ് ഹീറോയായി 

ഈങ്ങാപ്പുഴ-താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റില്‍ വച്ച് നിറയെ യാത്രക്കാരുമായെത്തിയ കെ എസ് ആര്‍ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്തി ഡ്രൈവര്‍ സി ഫിറോസ് യാത്രക്കാരെ രക്ഷിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലിന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ഡീലക്‌സ് എയര്‍ ബസിലാണ് സംഭവം. വ്യൂപോയിന്റിന്റെ തുടക്കത്തില്‍ വച്ച് ഇറക്കമിറങ്ങവെ ഗിയര്‍മാറ്റാനായി ബ്രേക്ക് ചവിട്ടിയപ്പോഴാണ് പ്രശ്‌നം മനസിലായത്. തുടന്ന് ഗിയര്‍ ഡൗണ്‍ ചെയ്ത് പെട്ടെന്നുതന്നെ ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്തുകയായിരുന്നു. മൂന്നുമീറ്ററോളം മുന്നോട്ടുപോയ ശേഷം ബസ് നില്‍ക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് വരുകയായിരുന്ന ബസില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ കായികതാരങ്ങളടക്കം 37 യാത്രക്കാരുണ്ടായിരുന്നുവെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. എല്ലാവരും ഉറക്കത്തിലായതിനാല്‍ ബ്രേക്കിട്ട് ബസ് നിര്‍ത്തിയ ശേഷമാണ് യാത്രക്കാരെ വിവരം അറിയിച്ചത്.
മുന്നില്‍ വലിയ താഴ്ചയാണ്, അഥവാ ബസ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അപകടമുണ്ടാവും. ആ നിമിഷം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിറയല്‍ വരുകയാണ്. ഒന്നുകില്‍ ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തുക. അല്ലെങ്കില്‍ വലതുവശത്തെ പാറയില്‍ ചെന്ന് ഇടിച്ചുനിര്‍ത്തുക ഈ രണ്ട് വഴികളെ മുന്നിലുണ്ടായിരുന്നുള്ളൂ. ആരുടെയൊക്കെയോ പ്രാര്‍ഥന കൊണ്ട് ഒരു പ്രശ്‌നവുമില്ലാതെ രക്ഷപ്പെട്ടു- ഫിറോസ് പറഞ്ഞു. ഫിറോസും കണ്ടക്ടര്‍ വിവേകും ചേര്‍ന്ന് തൊട്ടുപിറകില്‍ വന്ന ബസില്‍ യാത്രക്കാരെ കയറ്റിവിട്ടു.


 

Latest News