ജിദ്ദ- 2019-ൽ കേരളത്തിൽനിന്നുള്ള ഭിന്നശേഷിക്കാർക്ക് ഉംറ നിർവഹിക്കുന്നതിനും മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും അവസരമൊരുക്കിയ സംഘാടകരിലെ പ്രധാനിയും സൗദിയിലെ പ്രമുഖ പ്രഭാഷകനുമായ ശൈഖ് അബ്ദുല്ല ഒമർ ബാനഅ്മ അന്തരിച്ചു. മുഖമൊഴികെ ശരീരത്തിലെ മുഴവൻ അവയവങ്ങളും നട്ടെല്ലും പൂർണമായി തളർന്നു പോയ ബാനഅ്മ ആയിരക്കണക്കിനു മനുഷ്യർക്ക് അത്താണിയും ആത്മീയ വെളിച്ചവുമായിരുന്നു. സൗദി ചെറുപ്പക്കാർക്കിടയിൽ പ്രബോധന, സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് പ്രസിദ്ധനായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരനന്തരം മസ്ജിദുന്നബവിയിൽ നടന്ന ജനാസ നമസ്‌കാരത്തിലും അൽ ബഖീഅ് ഖബർസ്ഥാനിൽ നടന്ന സംസ്‌കാര ചടങ്ങിലും ആയിരങ്ങൾ പങ്കെടുത്തു. ചേർത്തുപിടിക്കാം വാട്‌സാപ്പ് കൂട്ടായ്മയാണ് കേരളത്തിൽനിന്നുള്ള ഭിന്നശേഷിക്കാർക്ക് സൗദിയിൽ വരാൻ സൗകര്യം ഒരുക്കിയത്.
അബ്ദുല്ല ഉമർ ബാനഅ്മയെ പറ്റി ഉമർ കോയ മദീനി എഴുതിയ കുറിപ്പ് വായിക്കാം
പത്തു വർഷം മുമ്പ് ഹജ് വേളയിൽ മിനയിലെ ടെന്റിന്റെ പിൻഭാഗത്ത് ആധുനിക സംവിധാനങ്ങളുള്ള വീൽ ചെയറിൽ ഒരാൾ സംസാരിക്കുന്നു. വശ്യമായ സംസാരം. ആരാണെന്ന് നോക്കാൻ അടുത്തു ചെന്നു നോക്കി. പേര് കേട്ടിരുന്നെങ്കിലും ചലന ശേഷിയില്ലാത്ത ഒരാളാണെന്ന് കണ്ടപ്പോൾ സംസാരം കേൾക്കാനിരുന്നു. സംസാര ശേഷം എല്ലാവരും പിരിഞ്ഞു പോയപ്പോൾ സുഹൃത്തുക്കളിലൊരാൾ ചോദിച്ചു. ശൈഖ് നിങ്ങൾ ജന്മനാ തളർച്ച രോഗം ബാധിച്ചയാളായിരുന്നോ?
സംസാരം തുടർന്നപ്പോൾ ശൈഖ് വിശദീകരിക്കാൻ നിർബന്ധിതനായി. ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന ബാലനായിരുന്നപ്പോൾ തന്നെ ചീത്ത കൂട്ടുകെട്ടിലെത്തിപ്പെട്ടു. പുകവലിയും മറ്റു ദുശീലങ്ങൾക്കുമടിമയായി മാറി. നമസ്‌കാരമുണ്ടായിരുന്നില്ല.. വർഷാവസാന പരീക്ഷയുടെ ഏതാനും ദിവസം മുമ്പ് അപകടം മണത്തറിഞ്ഞ എന്റെ വന്ദ്യ പിതാവ് ഉറക്കത്തിനു തൊട്ടു മുമ്പ് എന്നെ ഉപദേശിക്കാൻ മുറിയിലെത്തി. മോനെ എന്ന് വിളിച്ചു ഒരുപാട് ഉപദേശിച്ചു,
നീ പുകവലിക്കുന്നുണ്ടോ എന്നു ചോദിച്ചു. അല്ലാഹുവിനെ പിടിച്ചു പലവട്ടം സത്യം ചെയ്ത് ഞാൻ നിഷേധിച്ചു കൊണ്ടു പറഞ്ഞു. എല്ലാം കള്ള പ്രചാരണങ്ങളാണ്. കോപം വന്ന പിതാവ് പറഞ്ഞു. നീ പറയുന്നത് കള്ളമാണെങ്കിൽ നിന്റെ പിരടി നീ സത്യമിട്ട നാഥൻ തന്നെ തകർത്തുകളയട്ടെ. പിതാവ് മുറിയിൽനിന്നിറങ്ങി. ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.
ഭിന്നശേഷിക്കാരായ മലയാളി തീര്‍ത്ഥാടകരെ ഹൃദയം നല്‍കി സ്വീകരിച്ച് മദീന
നേരം പുലർന്നു ക്ലാസിൽ നിന്ന് നേരെ പഴയ കമ്പനിക്കാരുമൊത്തു ഇസ്തിറാഹയിലെ(വിശ്രമ കേന്ദം) സ്വിമ്മിംങ് പൂളിലേക്ക് പോയി. പിതാവിന്റെ ഉപദേശങ്ങളെല്ലാം ഉണരും മുമ്പേ മറന്നു പോയിരുന്നു. നമസ്‌കരിച്ചിട്ടുണ്ടായിരുന്നില്ല.
കൂട്ടുകാരിൽ പലരും എന്നെ പോലെ തന്നെ ഉയരത്തിൽ നിന്ന് എടുത്തു ചാടി ദീർഘമായി വെള്ളത്തിനിടിയിൽ ശ്വാസം പിടിച്ചു കിടക്കുമായിരുന്നു, എല്ലാവരെയും വെല്ലു വിളിച്ചു ഇന്നത്തെ (ബഥലുൽ യൌം) ജേതാവ് ഞാനായിരിക്കുമെന്ന് പൂളിനരികിലെ കോൺക്രീറ്റ് പില്ലറിൽ കയറി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൈകൾ വീശി സിമ്മിംങ് പൂളിന്റെ ആഴിയിലേക്ക് ഉയരത്തിൽ നിന്ന് എടുത്തു ചാടി. പൂളിനടിയിലെ തറയിലിടിച്ചു നിന്ന ശിരസിലേക്കു ശരീരഭാരമൊന്നാകെ ചെന്നു പതിച്ചു ബോധമറ്റു വെള്ളത്തിനടിൽ അമർന്നു കിടന്നു.
മിനിറ്റുകൾ പലതു കഴിഞ്ഞു. ഇന്നത്തെ ജേതാവ് (ബഥലുൽ യൌം) ഇനിയുമെന്തേ പൊങ്ങാത്തത് കൂട്ടുകാർക്ക് ആധിയായി. കാൽ മണിക്കൂറായിട്ടും ആളെ കാണാഞ്ഞ് കൂട്ടുകാരനെത്തേടിയവർ വെള്ളത്തിനിടിയിലേക്ക് ഊളിയിട്ടു. ഉയർത്തിയെടുത്ത ചലനമറ്റ എന്റെ ശരീരവും വഹിച്ച് ആബുലൻസ് ആശുപത്രിയിലേക്കു കുതിച്ചു. അത്ഭുതകരം ബാലനു ജീവനുണ്ട്. നട്ടെല്ലിന്റെ മൂന്ന് നാല് കശേരുക്കൾ പൊട്ടിയിട്ടുണ്ട്. സുഷ്മ്‌നക്കു ക്ഷതമേറ്റിരിക്കുന്നു. പല രാജ്യങ്ങളിലായി നിരവധി ആശുപത്രികളിലെ ദീർഘമായ ചികിത്സകൾ. ദിവസത്തോളം നീണ്ടു പോയ ഒരു ഡസനിലേറെ തവണയുള്ള ഓപ്പറേഷനുകൾ. കോടിക്കണക്കിനു റിയാലിന്റെ ആശുപത്രി ബില്ലുകൾ. ഒരു മനുഷ്യായുസിനിടയിൽ അനുഭവിക്കാവുന്ന വേദനയെല്ലാം അനുഭവിച്ചറിഞ്ഞു. എന്നെ എടുത്തും വീൽ ചെയറിൽ തള്ളിയും എന്റെ പിതാവും മാതാവും അതനുഭവിച്ചു.
തലച്ചോറുമാത്രം പ്രവർത്തിച്ചിരുന്ന ആദ്യത്തെ നാലഞ്ചു വർഷങ്ങൾക്കു ശേഷം മുഖം ചലിക്കുന്ന രൂപത്തിലേക്കെത്തി.
വായനയും പഠനവുമായി, ചലനമറ്റതെങ്കിലും ആയിരങ്ങളെ ചലിപ്പിക്കുകയും കർമോത്സുകരാക്കി മാറ്റുകയും ചെയ്യുന്ന പുതിയൊരു ജന്മം. സംസാരത്തിനിടയിൽ നരകാഗ്‌നിയിൽ നിന്ന് രക്ഷപ്പെടാനുള്ള കാരണമായി മാറുമെന്ന് താൻ പ്രതീക്ഷിക്കുന്ന അപകടവും പുനർവിചിന്തനത്തിനു അവസരവും നൽകിയ നാഥനെ നിരവധി തവണ ബാനഅ്മ സ്തുതിക്കുന്നുണ്ടായിരുന്നു.