Sorry, you need to enable JavaScript to visit this website.

റയലിനെ തടുക്കാൻ ലിവർപൂൾ

കിയേവ് - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ തുടർച്ചയായി മൂന്നാമതും റയൽ മഡ്രീഡ് കിരീടം നേടുന്നത് തടയാൻ ലിവർപൂൾ കച്ച കെട്ടുന്നു. ഇന്ന് ഉക്രൈനിലെ കിയേവിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ തങ്ങളുടെ ആക്രമണ ഫുട്‌ബോളിലൂടെ വിജയം നേടാനാവുമെന്നാണ് ലിവർപൂൾ കരുതുന്നത്. ഇത്തവണ ആര് മികച്ച കളിക്കാരനുള്ള ബാലൻഡോർ നേടുമെന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരിക്കും ഫൈനൽ. ലിവർപൂളിന്റെ ഈജിപ്തുകാരൻ മുഹമ്മദ് സലാഹും റയലിന്റെ പോർചുഗീസ് വിംഗർ ക്രിസ്റ്റിയാനൊ റൊണാൾഡോയും തമ്മിലുള്ള മുഖാമുഖം കൂടിയായിരിക്കും ഈ മത്സരം. ആദ്യ അഞ്ച് യൂറോപ്യൻ കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മറ്റൊരു സുവർണയുഗത്തിലൂടെയാണ് കടന്നുപോവുന്നത്. അഞ്ചു വർഷത്തിനിടെ നാലാം ചാമ്പ്യൻസ് ലീഗ് കിരീടത്തിന് അരികിലാണ് അവർ. രണ്ടു തവണ അത്‌ലറ്റിക്കൊ മഡ്രീഡിനെയും കഴിഞ്ഞ വർഷം യുവന്റസിനെയും ഫൈനലിൽ തോൽപിച്ചു. 
റയൽ 12 തവണ യൂറോപ്യൻ ചാമ്പ്യന്മാരായിട്ടുണ്ട്, ലിവർപൂൾ അഞ്ചു തവണയും. എന്നാൽ ലിവർപൂളിന്റെ അവസാന കിരീടം 2005 ലാണ്. ഇത്തവണ പ്ലേഓഫിലൂടെയാണ് ലിവർപൂൾ മുഖ്യ റൗണ്ടിലേക്ക് കടന്നത്. ഈ സീസണിൽ 46 ഗോളടിച്ചു, അതിൽ പതിനൊന്നും സലാഹിന്റെ വകയായിരുന്നു. 
റയൽ കോച്ച് സിനദിൻ സിദാൻ ആദ്യ മൂന്നു സീസണിലും കിരീടം നേടുന്ന അപൂർവ റെക്കോർഡിനരികിലാണ്. എന്നാൽ ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ് തന്റെ അഞ്ച് പ്രധാന ഫൈനലിലും പരാജയപ്പെടുകയായിരുന്നു. 2013 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും 2016 ലെ യൂറോപ്പ ഫൈനലുമുൾപ്പെടെ. ലിവർപൂളിലെ ഒരു കളിക്കാരനും ഇതുവരെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചിട്ടില്ല. 
സലാഹിനെ തളക്കേണ്ട ചുമതല മാഴ്‌സെലോക്കായിരിക്കും. പതിവ് പോലെ യഥേഷ്ടം ആക്രമണത്തിൽ പങ്കുചേരുന്നതിനായി തന്റെ പൊസിഷൻ വിടാൻ മാഴ്‌സെലോക്ക് സാധിക്കില്ല. കസിമീരോയും ടോണി ക്രൂസും ലൂക്ക മോദ്‌റിച്ചുമടങ്ങുന്ന റയൽ മധ്യനിരയെ ലിവർപൂൾ എങ്ങനെ നേരിടും എന്നതും ചോദ്യമായിരിക്കും. 
1976 ൽ ബയേൺ മ്യൂണിക്കാണ് തുടർച്ചയായി മൂന്നു തവണ യൂറോപ്യൻ ചാമ്പ്യന്മാരായത്. റയൽ കിരീടം നേടുകയാണെങ്കിൽ അത് സ്‌പെയിനിന് തുടർച്ചയായ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗായിരിക്കും. ക്രിസ്റ്റ്യാനോക്ക് അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗും. മാഞ്ചസ്റ്റർ യുനൈറ്റഡുമൊത്ത് ഒരിക്കൽ കിരീടം നേടിയിരുന്നു. 
കിയേവിൽ താമസച്ചെലവ് പത്തിരട്ടിയോളം വർധിച്ചത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം റയൽ ആരാധകർ യാത്ര റദ്ദാക്കി. കിയേവിലെ രണ്ട് വിമാനത്താവളങ്ങൾക്ക് ചാർട്ടേഡ് വിമാനങ്ങളുടെ ഒഴുക്ക് നേരിടാനുള്ള ശേഷിയില്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. നിരവധി വിമാനങ്ങൾ യാത്ര റദ്ദാക്കി. മുൻ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ വിറ്റാലി ക്ലീഷ്‌കോയാണ് കിയേവ് മേയർ. കിയേവിലെത്തിയ ആരാധകർ ആഹ്ലാദത്തിലാണ്, ഭക്ഷണവും ബിയറും ചുരുങ്ങിയ വിലക്ക് ഇവിടെ ലഭ്യമാണ്. 
 

Latest News