തിരുവനന്തപുരം - സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ് ഇഷ്ടമുള്ളവരെ ഉന്നതങ്ങളിൽ നിയമിക്കാനുള്ള സംഘ്പരിവാർ ഗൂഢാലോചനയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു.
യു.പി.എസ്.സി തെരഞ്ഞെടുക്കുന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗാർഥികളെ മൂന്നുമാസത്തെ ഫൗണ്ടേഷൻ കോഴ്‌സിലൂടെ അവരുടെ സർവീസും കേഡറും തീരുമാനിക്കാനുള്ള കേന്ദ്ര സർക്കാർ ആലോചന ബ്യൂറോക്രസിയിലുള്ള തെരഞ്ഞെടുപ്പ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുംവിധം നടത്താൻ തന്നെയാണ്.
പരീക്ഷകളുടെ മാതാവ് എന്നറിയപ്പെടുന്ന സിവിൽ പരീക്ഷകൾ കുറ്റമറ്റതും സുതാര്യവുമായിരിക്കെ വീണ്ടും ഒരു പരീക്ഷ ഒട്ടും ആവശ്യമില്ലാത്തതും ഉദ്യോഗാർഥികളോട് ചെയ്യുന്ന കടുത്ത അനീതിയുമാണ്. സർക്കാരിന്റെ ഫാഷിസ്റ്റ് താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ബ്യൂറോക്രസി എന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ഫാഷിസത്തിന്റെ പ്രയോഗവൽകരണത്തിനുള്ള ഗൂഢാലോചനയുമാണ്. എല്ലാ
അധികാരങ്ങളും സംഘ്പരിവാറിലേക്ക് ചുരുക്കിക്കെട്ടാനും കേന്ദ്ര ഭരണം നഷ്ടപ്പെട്ടാലും ഒരു ഡീപ് സ്‌റ്റേറ്റ് ആയി വർത്തിക്കാനുമുള്ള സംഘ്പരിവാർ ആസൂത്രണങ്ങളാണിതെല്ലാം എന്ന് തിരിച്ചറിഞ്ഞ് ജനാധിപത്യ ഇന്ത്യ ഒറ്റക്കെട്ടായി ഇതിനെ ചെറുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.