കൊല്ലം - കുടുംബശ്രീയുടെ 'ചുവട്' രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പാർസലായി വിതരണംചെയ്ത ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ചാത്തന്നൂരിലാണ് സംഭവം. വയറിളക്കവും ചർദ്ദിയും ബാധിച്ച് 25-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് വിവരം.
ഇതിൽ 11 പേരെ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽനിന്ന് വരുത്തിയ പൊറോട്ടയും വെജിറ്റബിൾ കറിയുമാണ് പാർസലായി നൽകിയതെന്നാണ് പറയുന്നത്.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ തുടങ്ങിയ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടി വൈകീട്ട് ആറേ കാലോടെ അവസാനിച്ചിരുന്നു. വീട്ടിലെത്തി ഏഴ് മണിയോടെയാണ് പൊറോട്ടയും കറിയും കഴിച്ചത്. ഇതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും ഉണ്ടാവുകയായിരുന്നുവെന്ന് വിഷബാധയേറ്റ യുവതി പറഞ്ഞു.
ഭക്ഷണം വാങ്ങിയ ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണം തുടരുകയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ചികിത്സ നേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
മകളെ ഡോക്ടറെ കാണിച്ച് മടങ്ങവേ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട് - മകളെ ഡോക്ടറെ കാണിച്ച് വീ്ട്ടിലേക്ക് മടങ്ങവേ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. എൻ.ജി.ഒ ക്വാർട്ടേഴ്‌സ് മാലൂർകുന്ന് പറക്കുളം ഫാത്തിമ സുൽഫത്ത് (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ആയിഷ സൈദ(4)ക്ക് നിസ്സാര പരിക്കേറ്റു. മകളെ ഡോക്ടറെ കാണിച്ച് കോട്ടുളിയിൽ നിന്ന് മടങ്ങവെ പൊറ്റമ്മൽ വച്ചാണ് അപകടമുണ്ടായത്.
സ്‌കൂട്ടർ ബസ്സിനടിയിൽപെട്ട് യുവതി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായാണ് വിവരം. സി.പി.എം പറക്കുളം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ഫാത്തിമ സുൽഫത്ത്. ഭർത്താവ്: മുഹമ്മദ് സാലിഹ് (എ.കെ സ്റ്റോഴ്‌സ്). മക്കൾ: ഷസിൻ മുഹമ്മദ് (സെൻറ് ജോസഫ് സ്‌കൂൾ), ആയിഷ സൈദ (യു.കെ.ജി വിദ്യാർത്ഥിനി, നുസറത്ത് മഹൽ സ്‌കൂൾ). പിതാവ്: ആലിക്കോയ. മാതാവ്: പരേതയായ അഫ്‌സത്ത്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, നുഫൈസ, മാഷിദ.