കൊച്ചി- സമീപകാലത്ത് സാമുദായിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നതും മതമൈത്രിയുടെ മഹത്തായ പാരമ്പര്യത്തിന് ക്ഷതമേല്‍ക്കുന്നതും ആകുലപ്പെടുത്തുന്നുവെന്ന് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ-ഓപറേഷന്‍ യോഗം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്ക്കരിച്ച് സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് ദുഷ്പ്രവണതയ്ക്ക് ശക്തി പകരുന്നത് ആശങ്കാജനകമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
രണ്ട് മഹാപ്രളയങ്ങളിലും മഹാമാരി വ്യാപനത്തിലും കാണിച്ച മനുഷ്യ സ്‌നേഹത്തിന്റെ മാതൃക മലയാളികള്‍ പ്രകടിപ്പിച്ചത് ഇന്ത്യയുടേയും ലോകത്തിന്റേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം പുരോഗതിക്കും സമാധാനാന്തരീക്ഷത്തിനും ഭീഷണിയായിത്തീരുന്ന സ്ഥിതിവിശേഷമുണ്ടാകുന്നതില്‍ കേരളത്തിലെ പ്രമുഖ മതവിഭാഗങ്ങളുടെ പ്രതിനിധികളുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും സംഗമം ഉത്കണ്ഠ രേഖപ്പെടുത്തി. ശാന്തിയും സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കാന്‍ ഫലപ്രദമായ നടപടികളെടുക്കുന്നതില്‍ മുന്‍കൈയെടുക്കാന്‍ രാഷ്ട്രീയപരമോ മതപരമോ ആയ യാതൊരു മുതലെടുപ്പിനും അവസരം സൃഷ്ടിക്കാതെ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പരസ്പരം ബന്ധപ്പെട്ട് ആശയവിനിമയങ്ങളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു.
എറണാകുളം ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗം കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷന്‍ എന്ന പേരില്‍ പൊതുവേദിക്ക് രൂപം നല്‍കി. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. മുഹമ്മദലി ഗള്‍ഫാര്‍ ആമുഖ പ്രഭാഷണം നടത്തി.
യോഗത്തില്‍ പി. കെ. കുഞ്ഞാലിക്കുട്ടി എം. എല്‍. എ, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, ഡോ. ബഹാവുദ്ദീന്‍ നദ്‌വി, ഫാ. ഡോ. ആന്റണി വടക്കേക്കര, സ്വാമി ഹരിപ്രസാദ്, എം. എ. അബ്ദുല്‍ അസീസ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, ഫാ. ഡോ. തോമസ് വര്‍ഗ്ഗീസ്, രാമചന്ദ്രന്‍ പി, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, സ്വാമി അസ്പര്‍ശാനന്ദ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. ഫസല്‍ ഗഫൂര്‍, അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടം, റോണി വര്‍ഗ്ഗീസ് അബ്രഹാം, സുവര്‍ണ കുമാര്‍, ഡോ. പുനലൂര്‍ സോമരാജന്‍, അഡ്വ. പ്രകാശ്, പി. ഉണ്ണീന്‍, ജസ്റ്റിസ് പി. കെ. ഷംസുദ്ദീന്‍, പി. മുജീബ് റഹ്മാന്‍, ഡോ. സുബൈര്‍ ഹുദവി, മുഹമ്മദ് ബാബു സേട്ട്, ഡോ. അബ്ദുസ്സലാം അഹമ്മദ്, അഡ്വ. മുഹമ്മദ് ഹനീഫ, സി. എച്ച്. അബ്ദുല്‍ റഹീം, അഡ്വ. മുഹമ്മദ് ഷാ, കടക്കല്‍ അഷറഫ്, എന്‍. എം. ഷറഫുദ്ദീന്‍, ശിഹാബ് പൂക്കോട്ടൂര്‍, ഫാ. സ്ലീബ കാട്ടുമങ്ങാട്ട് കോര്‍ എപിസ്‌കോപ്പ, ഫാ. ബേസില്‍ അബ്രഹാം എന്നിവര്‍ പങ്കെടുത്തു.