- അക്രമക്കേസുകളിൽ പ്രതികളായ ആറ് സി.പി.എം പ്രവർത്തകർ കൂടി അറസ്റ്റിൽ
തലശ്ശേരി- പുതുച്ചേരി പോലിസിനെതിരെ സി.പി.എം പ്രക്ഷോഭത്തിനിറങ്ങുന്നു. സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ നിരപരാധികളായ സി.പി.എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി മാഹി പോലിസ് വേട്ടയാടുന്നതായി ആരോപിച്ചാണ് സി.പി.എം തലശ്ശേരി ഏരിയാ കമ്മറ്റി രംഗത്തു വന്നത്. അതിനിടെ പള്ളൂരിലെ സി.പി.എം പ്രാദേശിക നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ സംസ്‌ക്കാര ചടങ്ങിനിടെ പൊലീസ് ജീപ്പ് ഉൾപ്പെടെ കത്തിച്ച കേസിൽ പ്രതികളായ ആറ് സി.പി.എം പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
നിടുമ്പ്രം തയ്യിൽ ഹൗസിൽ സുൾഫർ(33), പള്ളൂർ മനോളിക്കുന്നുമ്മൽ എം.കെ ഷിബിൻ(22), പള്ളൂർ നാലുതറയിലെ പടിഞ്ഞാറെ പാലോള്ളതിൽ വിജിത്ത്കുമാർ എന്ന കണ്ണി വിജിത്ത് (33), പള്ളൂർ കുന്നുമ്മലിലെ വിനീഷ് എന്ന തേങ്ങാ വിനീഷ് (38), പന്ന്യന്നൂർ കോട്ടാങ്കണ്ടിയിൽ ജിതേഷ്‌കുമാർ എന്ന എലി ജിതേഷ് (34), പന്ന്യന്നൂർ തൻവീർ വില്ലയിലെ തൻവീർ (34) എന്നിവരെയാണ് പുതുച്ചേരി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മാഹി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പള്ളൂർ ഇരട്ടപിലാക്കൂലിലെ ബി.ജെ.പി ഓഫീസായ മാരാർജി മന്ദിരത്തിന് തീവെക്കുകയും മാഹി തീരദേശ പൊലീസിന്റെ ജീപ്പ് കത്തിക്കുകയും വ്യാപാര സ്ഥാപനങ്ങളും വീടുകളും തകർക്കുകയും ചെയ്ത സംഭവങ്ങളിൽ 500 സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ 63 പേരെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞിരുന്നു. നേരത്തെ എട്ട് സി.പി.എം പ്രവർത്തകരെ ഈ കേസുകളിൽ അറസ്റ്റ് ചെയ്തു. ഇതോടെ 14 സി.പി.എം പ്രവർത്തകർ പള്ളൂർ അക്രമ കേസുകളിൽ റിമാൻഡിലായി.
പള്ളൂരിലെ സി.പി.എമ്മിന്റെ സമുന്നതനായ ജനകീയ നേതാവിനെയാണ് ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം ആസൂത്രിതമായി കഴുത്തറുത്ത് അരുംകൊല ചെയ്തതെന്നും സ്വാഭാവികമായും ഇതിനെതിരെ അതിശക്തമായ ജനരോഷമാണ് പള്ളൂരിൽ ഉയർന്ന് വന്നതെന്നും ഇതിന്റെ പേരിൽ പോലിസ് വേട്ടയാടുകയാണെന്നുമാണ് സി.പി.എമ്മിന്റെ പരാതി. ബാബുവിന്റെ കൊലപാതകത്തിന്റെ രോഷത്തിലും പ്രതിഷേധത്തിലും കഴിയുന്ന ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുന്ന നടപടിയാണിപ്പോൾ മാഹി പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. കൊലപാതകത്തെതുടർന്ന് വികാരപരമായ സാഹചര്യത്തിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ മറ പിടിച്ചാണ് നിരപരാധികളായ പ്രവർത്തകരെ വീടുകയറി അറസ്റ്റ് ചെയ്ത് പ്രകോപനം സൃഷ്ടിക്കുന്നതെന്നും സി.പി.എം തലശ്ശേരി ഏരിയാ സെക്രട്ടറി എം.സി പവിത്രൻ പറഞ്ഞു.
ബി.ജെ.പി നേതൃത്വവും ആരോപണവിധേയനായ മാഹിയിലെ സ്‌പെഷ്യൽബ്രാഞ്ച് എസ്.ഐയും നൽകുന്ന പട്ടികപ്രകാരം വിരോധമുള്ളവരെ ജയിലിലടക്കാനാണ് നീക്കമെങ്കിൽ അംഗീകരിക്കാനാവില്ലെന്നും തെറ്റ് ചെയ്തവരുണ്ടെങ്കിൽ അറസ്റ്റ് ചെയ്യുന്നതിന് ആരും എതിർക്കില്ലെന്നും എന്നാൽ കൊലപാതകത്തേക്കാൾ വലിയ കുറ്റകൃത്യമായി കണ്ട് പ്രതികാരബുദ്ധിയോടെ സി.പി.എമ്മിനെതിരെ നീങ്ങുന്നത് അവസാനിപ്പിക്കണമെന്നും ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കണ്ണിപ്പൊയിൽ ബാബുവധം അന്വേഷിക്കാൻ തീരുമാനിച്ചതിനെ സി.പി.എം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ നാലുപേരെ പിടിച്ചതല്ലാതെ പ്രധാന പ്രതികളെ ഇതുവരെ നിയമത്തിന് മുന്നിലെത്തിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം ഒരുക്കിയ ഒളിത്താവളത്തിലാണിപ്പോൾ പ്രതികളുള്ളതെന്നും അവരെ കണ്ടെത്താൻ പോലീസ് തയാറാകണമെന്നും സി.പി.എം നേതൃത്വം ആവശ്യപ്പെട്ടു. മുഴുവൻ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിലെത്തിക്കണം. 2016 ൽ ബാബുവിന് നേരെ നടന്ന വധോദ്യമകേസ് പുനരന്വേഷിക്കണമെന്നും ഇതിനൊന്നും തയാറാകാതെ സി.പി.എം പ്രവർത്തകരെ ജയിലിലടക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും സി.പി.എം ഏരിയ സെക്രട്ടറി എം.സി പവിത്രൻ മുന്നറിയിപ്പ് നൽകി.