കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടിലാക്കിയ ബി.ബി.സി ഡോക്യുമെന്ററിയെ എതിര്‍ത്ത് സംസാരിച്ച മുതിര്‍ന്ന കോണ്‍്ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം ശകതമാകുന്നു. ഇത് സംബന്ധിച്ച് പല വിധത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അനില്‍ ആന്റണിയെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പി നേതൃത്വം കേരളത്തിലെ ഒരു ബിഷപ്പിന്റെ സഹായം തേടിയെന്ന തരത്തിലുള്ള പ്രചാരണമാണ് ഇതില്‍ പ്രധാനം.
തന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അനില്‍ ആന്റണി പാര്‍ട്ടിയുടെ ദേശീയ ഡിജിറ്റല്‍ മീഡിയ നേതൃ പദവി അടക്കം യൂത്ത് കോണ്‍ഗ്രസിലെ എല്ലാ പദവികളും രാജിവെച്ചിരുന്നു.
കേരളത്തിലെ ഒരു പ്രധാന ക്രൈസ്തവ മതമേലധ്യക്ഷന്റെ സഹായം കേന്ദ്ര ബി ജെ പിനേതൃത്വം ഇക്കാര്യത്തില്‍ തേടിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. കേരളത്തിലെ ക്രൈസ്തവ സഭകളെ ബി ജെ പിയുമായി അടുപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നയാളാണ് ഈ ബിഷപ്പ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഏതാനും നാള്‍ മുമ്പ് കത്തോലിക്കാ സഭയിലെ ബിഷപ്പുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതും. അനില്‍ ആന്റണി അംഗമായ സീറോ മലബാര്‍സഭയുടെ താല്‍പര്യം കൂടി കണക്കിലെടുത്ത് കൊണ്ട് ഇക്കാര്യത്തില്‍ മുന്നോട്ടു പോകാനാണ് ബി ജെ പി നേതൃത്വം ആഗ്രഹിക്കുന്നതെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ബി ജെ പി ക്ക് മികച്ച ക്രൈസ്തവ പിന്തുണ കിട്ടാന്‍ അനില്‍ ആന്റണിയുടെ ബി ജെ പി പ്രവേശനത്തോടെ കഴിയുമെന്നാണ് കേന്ദ്ര ബി ജെ പി നേതൃത്വം വിശ്വസിക്കുന്നതെന്നും അതിനാലാണ് ബിഷപ്പിന്റെ സഹായം തേടിയതെന്നാണ് ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇനി തിരിച്ചു വരാന്‍ പറ്റാത്ത രീതിയില്‍ കോണ്‍്ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞ സ്ഥിതിക്ക് അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയേക്കാമെന്ന അഭ്യൂഹത്തെ കോണ്‍ഗ്രസ് നേതാക്കളും പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല.
അതേ സമയം തന്റെ പ്രൊഫഷനുമായി മുന്നോട്ട് പോകാനാണ് തനിക്ക് താല്‍പര്യമെന്നാണ് അനില്‍ ആന്‍ണി വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കൂറേ കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്നും അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)