കണ്ണൂർ - കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വാർഷികാഘോഷത്തിനിടെ സംഘർഷം. പുറത്തു നിന്നെത്തിയ സംഘം സ്‌കൂൾ വളപ്പിൽ കയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. സ്‌കൂൾ അധികൃതർ പരാതി നൽകിയില്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ തങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
സ്‌കൂൾ വാർഷികാഘോഷത്തിൽ പുറമേനിന്നുള്ള ആളുകൾ സംഘടിച്ചെത്തി വിദ്യാർത്ഥികളെ ആക്രമിക്കുന്നത് നിസ്സാരമല്ലെന്നും വളരെ ഗൗരവമായി പ്രശ്‌നത്തെ കണ്ട് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
കൂട്ടബലാത്സംഗ ശ്രമത്തിനിടെ അധ്യാപിക ബസ്സിൽനിന്ന് ചാടി; ഗുരുതരാവസ്ഥയിൽ, അന്വേഷണത്തിലെന്ന് പോലീസ്
പറ്റ്‌ന - യാത്രയ്ക്കിടെ കൂട്ടബലാത്സംഗത്തിൽനിന്ന് രക്ഷപ്പെടാൻ ബസിൽ നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് ഗുരുതര പരുക്ക്. ചൊവ്വാഴ്ച രാത്രി ബിഹാറിലെ പൂർണിയയിലാണ് സംഭവം. ജോലിസംബന്ധമായി ബിഹാറിലെ വൈശാലിയിലേക്ക് പോയ 35-കാരിയായ അധ്യാപികയ്ക്കാണ് ദുരനുഭവമുണ്ടായത്. വൈശാലിയിൽനിന്നും തിരിച്ച് പശ്ചിമ ബംഗാളിലെ സിലിഗുരിയിലേക്ക് ബസ് കയറിയതായിരുന്നു അധ്യാപിക. വഴിക്കുവെച്ച് ഒരു ചെക്ക് പോസ്റ്റിലെത്തിയപ്പോൾ ആറ് പുരുഷന്മാർ ബസിൽ കയറി അശ്ലീലം കാണിച്ചു. ശല്യപ്പെടുത്തൽ തുടർന്നപ്പോൾ അധ്യാപിക പ്രതിഷേധിച്ചെങ്കിലും അവർ പിന്മാറാതെ, കൂട്ടബലാത്സംഗത്തിനായി പിന്നീടുള്ള ശ്രമം. നിലവിളിച്ചപ്പോൾ ഡ്രൈവർ ബസ് നിർത്തി സംരക്ഷണം തരുന്നതിനുപകരം വേഗത കൂട്ടിയതായും പറയുന്നു. ഇതേതുടർന്ന് കൂട്ടബലാത്സംഗത്തിൽനിന്ന് രക്ഷപ്പെടാനായി അധ്യാപിക ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. ഗുരുതര പരുക്കുകളോടെ, ബോധരഹിതയായി റോഡരികിൽ കണ്ട അധ്യാപികയെ പട്രോളിംഗ് പോലീസ് പുലർച്ചയോടെ പൂർണിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡാർജലിങ്ങിലെ ഡോകെൻദാസ് സ്വദേശിനായാണ് അധ്യാപിക.
ബൈസി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹിജിലയിലാണ് അധ്യാപിക അവശയായി കിടന്നിരുന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവരുടെ കൈയ്യൊടിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു. ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ കോളജിലെ ഡോ. പവൻ ചൗധരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ബസ് തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. അജ്ഞാതരായ നാല് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.