Sorry, you need to enable JavaScript to visit this website.

ബസ് ഡ്രൈവര്‍ തസ്തിക സൗദി വല്‍ക്കരിക്കുന്നു, സ്വദേശികളെ നിയമിക്കാന്‍ കരാര്‍

ബസ് ഡ്രൈവര്‍മാരായി സൗദികളെ നിയമിക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്ത്രതില്‍ പൊതുഗതാഗത അതോറിറ്റി അണ്ടര്‍ സെക്രട്ടറി ഡോ. ഉമൈമ ബാമസ്ഖും സാപ്റ്റ്‌കോ സി.ഇ.ഒ തുര്‍ക്കി അല്‍സുബൈഹിയും ഒപ്പുവെക്കുന്നു.

റിയാദ് - ബസ് ഡ്രൈവര്‍മാരായി സൗദികളെ നിയമിക്കാനും ഡ്രൈവര്‍ തസ്തികയില്‍ സൗദിവല്‍ക്കരണത്തിന് പിന്തുണ നല്‍കാനും ലക്ഷ്യമിട്ട് പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്‌കോ കമ്പനിയും (സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി) ധാരണാപത്രം ഒപ്പുവെച്ചു. റിയാദില്‍ പൊതുഗതാഗത അതോറിറ്റി ആസ്ഥാനത്തു വെച്ച് പൊതുഗതാഗത അതോറിറ്റി അണ്ടര്‍ സെക്രട്ടറി ഡോ. ഉമൈമ ബാമസ്ഖും സാപ്റ്റ്‌കോ സി.ഇ.ഒ തുര്‍ക്കി അല്‍സുബൈഹിയുമാണ് ധാരണാപത്ത്രതില്‍ ഒപ്പുവെച്ചത്.
തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സഹായിക്കുന്ന നിലക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പൂര്‍ത്തീകരണമെന്നോണമാണ് ബസ് ഡ്രൈവര്‍മാരായി സൗദികളെ നിയമിക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രം പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്‌കോ കമ്പനിയും ഒപ്പുവെച്ചത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കാനും സ്വദേശികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ലോജിസ്റ്റിക്കല്‍ സേവനങ്ങളുടെ വികസനം ഉറപ്പാക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം ഉയര്‍ത്താനും പൊതുഗതാഗത അതോറിറ്റിയുടെ സ്വദേശിവല്‍ക്കരണ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു.
പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്‌കോ കമ്പനിയും ഒപ്പുവെച്ച ധാരണാപത്രം പ്രകാരമുള്ള പദ്ധതി ഗുണഭോക്താക്കളുടെ ഡ്രൈവിംഗ് പരിശീലനം, മെഡിക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവക്ക് അതോറിറ്റി സാമ്പത്തിക സഹായം നല്‍കും. കൂടാതെ സാപ്റ്റ്‌കോയില്‍ ഡ്രൈവര്‍മാരായി നിയമിക്കുന്ന സ്വദേശികളുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് മാനവശേഷി വികസന നിധിയും വഹിക്കും. ബസ് ഡ്രൈവര്‍ തൊഴില്‍ സ്വദേശിവല്‍ക്കരിക്കാന്‍ മറ്റു നിരവധി പ്രോത്സാഹനങ്ങളും നല്‍കും.
ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മേഖലയില്‍ ബസ് ഡ്രൈവര്‍ ജോലിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ മേഖലയില്‍ സ്വദേശികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്‌കോ കമ്പനിയും കരാര്‍ ഒപ്പുവെച്ചത്. സ്വദേശികളെ ശാക്തീകരിക്കാനും സേവന ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതില്‍ സ്വദേശികളുടെ പങ്ക് വര്‍ധിപ്പിക്കാനും ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നു. പരിശീലനത്തിലൂടെയും ജോലി നല്‍കിയും സ്വദേശികളുടെ ശേഷികള്‍ ഉയര്‍ത്താനും ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്താനും കരാര്‍ സഹായിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News