Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ഗ്യാസ് ചോര്‍ന്ന്  സ്‌ഫോടനം; രണ്ടു പേര്‍ക്ക് പരിക്ക്

ദക്ഷിണ ജിദ്ദയില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന ഫ്‌ ളാറ്റിന്റെ ചുമര്‍.
ഭിത്തിയുടെ അവശിഷ്ടങ്ങള്‍ പതിച്ച് കേടുപാടുകള്‍ സംഭവിച്ച കാറുകള്‍.

ജിദ്ദ - ദക്ഷിണ ജിദ്ദയിലെ ഫ്‌ ളാറ്റില്‍ പാചക വാതകം ചോര്‍ന്ന് സ്‌ഫോടനമുണ്ടായി വനിത അടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു. നാലു നില കെട്ടിടത്തില്‍ നാലാം നിലയിലെ ഫ്‌ ളാറ്റിലായിരുന്നു സ്‌ഫോടനം. വനിതക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പുരുഷന്റെ പരിക്ക് സാരമുള്ളതല്ല. 
സ്‌ഫോടനത്തില്‍ ഫ്‌ ളാറ്റിന്റെ മുന്‍ വശത്ത് മൂന്നു മുറികളുടെ ചുമരുകള്‍ തകര്‍ന്ന് താഴെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തില്‍ ഫ്‌ ളാറ്റിലെ ഏതാനും വാതിലുകളും തകര്‍ന്നു. ലിഫ്റ്റിന്റെ കവാടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സിലിണ്ടറില്‍ നിന്ന് ചോര്‍ന്ന ഗ്യാസ് ഫ്‌ളാറ്റില്‍ നിറഞ്ഞ സമയത്ത് തീപ്പൊരിയുണ്ടായതാണ് സ്‌ഫോടനത്തിന് ഇടയാക്കിയത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് നീക്കി. 


ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടാല്‍ തീ കത്തിക്കുകയോ ലൈറ്റുകളുടെ സ്വിച്ചുകള്‍ ഓണാക്കുക്കുകയോ ഓഫാക്കുകയോ ഔട്ട്ഫാന്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യരുതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. 
ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററോ വാല്‍വോ എത്രയും വേഗം അടച്ച് ജനലുകള്‍ മണിക്കൂറുകളോളം തുറന്നിട്ട് ഗ്യാസ് പുറത്തുകളഞ്ഞ് ഫ്‌ളാറ്റിനകത്ത് ശുദ്ധവായു നിറഞ്ഞാല്‍ മാത്രമേ അപകട ഭീഷണി നീങ്ങുകയുള്ളൂവെന്ന് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. 

 

Latest News