കൊച്ചി - എറണാകുളം രവിപുരത്ത് ഇന്നലെ ട്രാവൽ ഓഫീസിലെ ജീവനക്കാരിക്ക് നേരെയുണ്ടായത് മൃഗീയമായ ആക്രമണമെന്ന് റിപ്പോർട്ട്. വിസ പ്രശ്‌നവുമായി ബന്ധപ്പെട്ട് ട്രാവൽ ഉടമ ഓഫീസിൽ ഇല്ലാതിരുന്നതോടെ ജീവനക്കാരിക്കു നേരെ തിരിയുകയായിരുന്നു അക്രമിയായ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി ജോളി ജെയിംസ്(46). പ്രതിയെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സംഭവം വളരെ ആസൂത്രിതമായിരുന്നുവെന്ന് അന്വേഷണസംഘം പറയുന്നു.
പ്രതിയുടെ കുത്തിനെ തുടർന്ന് കഴുത്ത് മുറിഞ്ഞ് ചോരവാർന്ന യുവതിയെ അക്രമി ബന്ദിയാക്കുകയുമുണ്ടായി. മരണവെപ്രാളത്തിൽ പുറത്തേക്കോടിയ യുവതിയെ പ്രതി കസേരയിൽ പിടിച്ചിരുത്തി തന്റെ ആവശ്യങ്ങൾ പറഞ്ഞ് ഉത്തരം ചോദിച്ചു വാങ്ങുകയായിരുന്നുവെന്നുവത്രെ. കഴുത്ത് മുറിഞ്ഞ് ശബ്ദം നിലച്ച യുവതി, പ്രതിയുടെ പിന്നീടുള്ള ചോദ്യങ്ങൾക്ക് മറുപടി എഴുതി നൽകിയെന്നാണ് വിവരങ്ങൾ. അതിനിടെ, യുവതിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തികളിൽ ഒന്ന് രണ്ടായി ഒടിഞ്ഞു. മറുപടി എഴുതി നൽകിയ ചോരപ്പാടുള്ള പേപ്പറുകൾ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണങ്ങളുണ്ടായത്. ലിത്വാനിയൻ വിസയ്ക്കായി നൽകിയ ഒന്നര ലക്ഷം രൂപ എറണാകുളം രവിപുരത്തുള്ള റൈസ് ട്രാവൽ ഏജൻസി തിരികെ നൽകിയില്ലെന്നാണ് പ്രതി ജോളി ജെയ്‌സന്റെ വാദം. സ്ഥാപനയുടമ ആലുവ തായിക്കാട്ടുകര സ്വദേശി മുഹമ്മദ് അലിയെ ലക്ഷ്യമിട്ടാണ് ഇയാൾ എത്തിയതെങ്കിലും ആ സമയം മുഹമ്മദ് അലി ഓഫീസിലുണ്ടായിരുന്നില്ല. തുടർന്ന് ജീവനക്കാരി ഇടുക്കി തൊടുപുഴ സ്വദേശി സൂര്യയെ(25) ആക്രമിക്കുകയായിരുന്നു പ്രതി. സൂര്യയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്.
പ്രാണഭയത്താൽ സൂര്യ അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. ഹോട്ടൽ ജീവനക്കാർക്ക് ആദ്യം കാര്യം മനസ്സിലായിരുന്നില്ല. അവർ നാടോടി സ്ത്രീകൾ തമ്മിലുണ്ടായ അടിപിടിയിൽ പരിക്കേറ്റതാണെന്നാണ് കരുതിയത്. ഒപ്പം, അതേസമയത്തതുന്നെ അതുവഴിപോയ സൗത്ത് പോലീസ് സ്റ്റേഷനിലെ ഡ്രൈവറുടെ ശ്രദ്ധയിൽ സംഭവം പെട്ടതാണ് യുവതിക്ക് രക്ഷയായത്. യുവതിയെ ഉടനെ പോലീസ് ജീപ്പിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെവച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.
അക്രമം നടത്തിയ ജോളിയെ ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സൂര്യ ഏതാനും മാസം മുമ്പ് മാത്രമാണ് ഇവിടെ ജോലിക്കെത്തിയത്. സംസാരിക്കാനാവാത്തതിനാൽ അവരുടെ മൊഴി എടുത്തിട്ടില്ലെന്നാണ് ലഭിച്ച വിവരം.
എന്നാൽ, ജോളിക്ക് പണം നൽകാനില്ലെന്നാണ് ട്രാവൽസ് ഉടമ മുഹമ്മദ് അലി പറയുന്നത്. ജോളിയിൽനിന്നും വിസയ്്ക്കായി വാങ്ങിയത് 35400 രൂപയാണെന്നും വർക്ക് പെർമിറ്റ് റദ്ദാക്കിയതോടെ 2020-ൽതന്നെ അക്കൗണ്ട് മുഖേന പണം തിരികെ നൽകിയെന്നുമാണ് മുഹമ്മദ് അലി പ്രതികരിച്ചത്.