Sorry, you need to enable JavaScript to visit this website.

പോപ്പുലർ ഫ്രണ്ട് മാത്രമല്ല ബന്ദും ഹർത്താലും നടത്തിയത്; കേരളത്തിന്റെ കടം തീർക്കാൻ വഴി പറഞ്ഞ് നടൻ ജോയ് മാത്യു

കോഴിക്കോട് - ഹർത്താലും അക്രമസമരങ്ങളുമൊന്നും കേരളത്തിന് പുത്തരിയല്ല. കേരളത്തിലെ ഭരണകക്ഷിയാവട്ടെ പ്രതിപക്ഷ പാർട്ടികളാവട്ടെ, സംസ്ഥാന ഖജനാവിന് നാശനഷ്ടങ്ങളുണ്ടാക്കാത്തവർ ഇല്ലെന്നതും സത്യം. എന്നാൽ പോപ്പുലർ ഫ്രണ്ടുകാർ നടത്തിയ ഹർത്താലിലുണ്ടായ നാശനഷ്ടം ഈടാക്കാൻ അതിൽ പങ്കാളികളായവരിൽനിന്നും അല്ലാത്തവരിൽനിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള ജപ്തി നടപടികളിലാണ് അധികൃതർ.
 ഹർത്താലും ബന്ദും നടത്തി പൊതുമുതൽ നശിപ്പിച്ചത് പോപ്പുലർ ഫ്രണ്ടുകാർ മാത്രമല്ലെന്നിരിക്കെ ഹൈക്കോടതിയുടെ ജപ്തി നടപടി പല നിലയ്ക്കും വിമർശന വിധേയമായിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ മുഖംനോക്കാതെ നടപടി വേണമെന്നു പറയുമ്പോഴും ഇതിലെല്ലാം ഇരട്ട നീതിയുണ്ട് എന്നതാണ് വസ്തുത. ഇത്തരമൊരു സാഹചര്യത്തിൽ ഹർത്താൽ, ബന്ദ് അടക്കമുള്ള സമരങ്ങളിലൂടെ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ മുൻകാല പ്രാബല്യത്തോടെ നഷ്ടപരിഹാരം ഈടാക്കാൻ നടപടി സ്വീകരിക്കുമോ എന്ന ചോദ്യം പല കേന്ദ്രങ്ങളിൽനിന്നും ഉയരുന്നുണ്ടെങ്കിലും അതോട് സത്യസന്ധമായി പ്രതികരിക്കാൻ കോടതിയോ ഭരണാധികാരികളോ ഇതുവരെയും തയ്യാറായിട്ടില്ല.
 ഇവ്വിഷയം വളച്ചുകെട്ടില്ലാതെ വിളിച്ചുപറയുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. ''......ഇതൊക്കെയും ചെയ്ത വേറെയും പാർട്ടികളുണ്ട്. അതിന്റെയൊക്കെ നേതാക്കന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയാൽ തീർക്കാവുന്ന കടമേ ഇപ്പോൾ കേരളത്തിനുള്ളൂവെന്നും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഇക്കാര്യം ശ്രദ്ധിക്കണമെന്നും'' ജോയ് മാത്യു ഫേസ് ബുക്ക് കുറിപ്പിൽ ഓർമിപ്പിച്ചു.

എഫ്.ബി കുറിപ്പ് ഇങ്ങനെ:

'പോപ്പുലർ ഫ്രണ്ട് മാത്രമല്ല കേരളത്തിൽ ഹർത്താലും ബന്ദും നടത്തി പൊതുമുതൽ നശിപ്പിച്ചത്. അതിനും മുൻപേ ഇതൊക്കെ ചെയ്തുകൂട്ടിയ വേറെയും രാഷ്ട്രീയ പാർട്ടികളുണ്ട്. അതിന്റെയൊക്കെ നേതാക്കന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയാൽ തീർക്കാവുന്ന കടമേ ഇപ്പോൾ കേരളത്തിനുള്ളൂ. 
ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യം ശ്രദ്ധിക്കാനപേക്ഷ 
ഹർത്താൽ, ബന്ദ് തുടങ്ങിയ കിരാത പ്രവൃത്തികൾക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗഭംഗം നേരിടുകയോ ചെയ്യേണ്ടിവന്ന അസംഖ്യം സാധാരണക്കാരുണ്ട്. അവർക്ക് ന്യായമായ നഷ്ടപരിഹാരത്തിന് ഈ ഹൈക്കോടതി വിധി ഒരു സഹായമാകും.
 

Latest News