തിരുവനന്തപുരം- മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. പല വകുപ്പുകളിലും ഒന്നും നടക്കുന്നില്ല എന്നും എം.എല്‍.എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇടതുമുന്നണി നിയമസഭാ കക്ഷി യോഗത്തില്‍ ആയിരുന്നു ഭരണപക്ഷ എം.എല്‍.എയുടെ രൂക്ഷ വിമര്‍ശം.
ബജറ്റ് സമ്മേളനത്തിന്റെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിയമസഭാ കക്ഷി യോഗത്തില്‍ പതിവു ശൈലിയില്‍ ഗണേഷ് കുമാര്‍ ആഞ്ഞടിച്ചു. ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ ആകില്ലെന്നും ഗണേഷ് കുമാര്‍ തുറന്നടിച്ചു.
മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്നും വിമര്‍ശനമുണ്ടായി. റോഡ് പ്രവൃത്തികളുടെ കാല താമസം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിനെയും വിമര്‍ശിച്ചു. മന്ത്രി നല്ല ആള്‍ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ചുള്ള പരാമര്‍ശം. മണ്ഡലങ്ങളില്‍ അനുവദിക്കുന്ന പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.
വിമര്‍ശനം ജലവിഭവ വകുപ്പിലേക്ക് കൂടി കടന്നതോടെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി. പി രാമകൃഷ്ണന്‍ ഇടപെട്ടു. ഇവിടെയല്ലാതെ എവിടെ പറയുമെന്ന് ചോദിച്ച ഗണേഷ് തനിക്കു പറയേണ്ട വേദിയില്‍ തന്നെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്ന് വ്യക്തമാക്കി ക്ഷുഭിതനായി. ഗണേഷ് കുമാറിന് പിന്തുണയുമായി പി.വി ശ്രീനിജനും എഴുന്നേറ്റു. ചില സി.പി.ഐ എം.എല്‍.എമാര്‍ ഗണേഷ് കുമാറിന്റെ പ്രസ്താവനയെ കൈയടിച്ചാണ് സ്വീകരിച്ചത്. പിന്നീട് ചേര്‍ന്ന സി.പി.എം എം.എല്‍.എമാരുടെ യോഗത്തിലും ഗണേഷിന്റെ പ്രസ്താവനയെ അനുകൂലിച്ച് ചിലര്‍ രംഗത്തെത്തിയതായും സൂചനയുണ്ട്.