കൊച്ചി-പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിനിടെ അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവത്തില്‍ 248 പേരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്നു ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍നിന്നു മാത്രം 126 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറത്തു ജപ്തി നടപടികള്‍ക്കിടെ തര്‍ക്കങ്ങള്‍ ഉണ്ടായെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. സ്വത്തു കണ്ടുകെട്ടിയവരില്‍ ചിലര്‍ക്കു പിഎഫ്‌ഐ ഭാരവാഹിത്വം ഇല്ലെന്നതടക്കമുള്ള വാദങ്ങളില്‍ കഴമ്പുണ്ടോയെന്നു പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസര്‍കോട് 6,കണ്ണൂര്‍ 8, വയനാട് 11, കോഴിക്കോട് 22, മലപ്പുറം 126, പാലക്കാട് 23, തൃശൂര്‍ 18,
എറണാകുളം 6, ഇടുക്കി 6, കോട്ടയം 5, ആലപ്പുഴ 5, പത്തനംതിട്ട 6, കൊല്ലം 1,തിരുവനന്തപുരം 5 എന്നിങ്ങനെയാണ് ജില്ല തരിച്ച് സ്വത്തുക്കള്‍ കണ്ടുകെട്ടിയ കണക്ക്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23നു നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിനാണു ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നത്. ജപ്തി നടപടികള്‍ പൂര്‍ത്തിയായതു സംബന്ധിച്ച റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി.വി.അനുപമ കഴിഞ്ഞ ദിവസം സര്‍ക്കാരിനു കൈമാറിയിരുന്നു.