കണ്ണൂർ- ശ്രവണ സഹായ ഉപകരണങ്ങൾക്ക് 18 ശതമാനം നിരക്കിൽ ചരക്ക് സേവന നികുതി ഈടാക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൻ ഡോ. ഷമ മുഹമ്മദ്. ജന്മനാ കേൾവിശേഷി ഇല്ലാത്തതിനാൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്ത കുട്ടികളിൽ ഉപകരണങ്ങൾ തകരാറിലായവർക്കുള്ള സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഷമ. കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി (സിയാക്സ്) സംഘടിപ്പിച്ച പരിപാടിയിൽ സോയ ചാരിറ്റബിൾ ട്രസ്റ്റാണ് ഇംപ്ലാന്റ് ഉപകരണങ്ങളും സഹായവും ലഭ്യമാക്കിയത്. ശ്രവണ സഹായ ഉപകരണങ്ങളുടെ നിർമാണവും വിതരണവും നാലോ അഞ്ചോ വിദേശ കമ്പനികൾ കുത്തകയാക്കിയിരിക്കുകയാണ്. കാലാകാലങ്ങളിൽ ഉപകരണങ്ങൾക്ക് വരുന്ന അറ്റകുറ്റപ്പണികൾക്കു പോലും പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ചെലവു വരുന്ന സ്ഥിതിയാണ്.
ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ തന്നെ ശ്രവണ സഹായ ഉപകരണങ്ങൾ നിർമിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. കേൾവി ഉപകരണങ്ങൾ തകരാറിലായാൽ പഠനവും പ്രതിസന്ധിയിലാവും എന്നതിനാൽ അവ ഉടൻ നന്നാക്കി കൊടുക്കാൻ തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ശ്രമിക്കണമെന്നും ഡോ. ഷമ മുഹമ്മദ് പറഞ്ഞു.
സിയാക്സ് ജില്ലാ പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു.വിവിധ മത്സര പരീക്ഷകളിലും സ്കൂൾ മേളകളിലും മികച്ച നേട്ടം സ്വന്തമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.മാധ്യമപ്രവർത്തകൻ എൻ.പി.സി. രംജിത്, സിയാക്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.വിജേഷ്, ജില്ലാ സെക്രട്ടറിമാരായ ലതാ വിനോദ്, ഉമേഷ്, ട്രഷറർ കെ.പി.അബ്ദു,സംസ്ഥാന കമ്മിറ്റി അംഗം സൂര്യ പ്രമോദ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ രാമകൃഷ്ണൻ, അനീഷ് കുമാർ, ഷൈന ബിജു, കൂത്തുപറമ്പ് ഏരിയ പ്രസിഡന്റ് ഷിംന എന്നിവർ പ്രസംഗിച്ചു.