ആലപ്പുഴ-ചെങ്ങന്നൂരിലെ പരസ്യ പ്രചാരണത്തിന് മറ്റന്നാൾ സമാപനം. കലാശക്കൊട്ടും 27 ലെ നിശ്ശബ്ദ പ്രചാരണവും കൂടി കഴിഞ്ഞാൽ 28 ന് രാവിലെ വോട്ടെടുപ്പ് ആരംഭിക്കും. മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അത്യാവേശത്തിലാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ ഇരുമുന്നണികളിലെയും സർവ നേതാക്കളും ചെങ്ങന്നൂരിലുണ്ട്.
നേതാക്കളുടെ റോഡ് ഷോയും വലിയ റാലികളുമൊക്കെയായി ചെങ്ങന്നൂരിനെ ഇളക്കി മറിക്കുകയാണ്. ഇത്രയായിട്ടും ചെങ്ങന്നൂരിന്റെ മനസ്സ് എങ്ങോട്ടെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത സ്ഥിതി. പ്രചാരണം കണ്ട് ഏതെങ്കിലും മുന്നണിക്ക് മുൻതൂക്കമെന്ന് പറയാൻ കഴിയില്ല.
പ്രചാരണത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിൽ ഇടതുമുന്നണി സ്ഥാനാർഥി സജി ചെറിയാനായിരുന്നു മുന്നിൽ. സർക്കാർ സംവിധാനവും മറ്റും സജിക്ക് അനുകൂലമായി നിന്നപ്പോൾ പ്രചാരണത്തിൽ വളരെ മുന്നിലെത്താൻ അദ്ദേഹത്തിനായി. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡി.എഫ് സ്ഥാനാർഥി അഡ്വ. ഡി. വിജയകുമാറിന്റെ പ്രചാരണം മികച്ചതായി. ചില ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് വിജയകുമാറും സംഘവും ഇടതു കേന്ദ്രങ്ങളെ പിന്നിലാക്കി.
എൻ.ഡി.എ സ്ഥാനാർഥി അഡ്വ. പി.എസ് ശ്രീധരൻ പിള്ളയും ഒട്ടും പിന്നിലല്ല. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കേ മൂന്നുപേരും ഒപ്പത്തിനൊപ്പമെന്ന് പറയാം. അതിൽ തന്നെ ഇടതു-വലതു സ്ഥാനാർഥികൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ്. ചെങ്ങന്നൂരിന്റെ ജനമനസ്സ് എങ്ങോട്ടു തിരിയുമെന്ന പ്രവചനം അസാധ്യം. വികസനവും വികസന വിരോധവും ഇന്ധന വില വർധനവും ബിജെപിയുടെ വർഗീയ അജണ്ടയുമൊക്കെയാണ് ഇടതു വലതു മുന്നണികൾ ആയുധമാക്കുന്നതെങ്കിൽ ഇന്ത്യ മുഴുവൻ മാറി ചിന്തിച്ചുതുടങ്ങിയിട്ടും കേരളം പിന്നോട്ടു പോകുന്നതിന്റെ പരിഭവം പറഞ്ഞാണ് ബിജെപി മുന്നേറുന്നത്.
പ്രധാനമന്ത്രിയുടെ നോട്ടം കേരളത്തിലെത്തണമെങ്കിൽ ചെങ്ങന്നൂരിൽ മാറ്റത്തിന്റെ മണിമുഴക്കമുണ്ടാകണമെന്ന് എൻ.ഡി.എ കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നു.
അകാലത്തിൽ പൊലിഞ്ഞ കെ.കെ രാമചന്ദ്രൻ നായർ തുടങ്ങിവെച്ച വികസനത്തിന് തുടർച്ച വേണമെങ്കിൽ സജി ചെറിയാൻ വരണമെന്നതാണ് ഇടതുമുന്നണിയുടെ ആവശ്യം. എന്നാൽ, പി.സി വിഷ്ണുനാഥ് നടത്തിയ വികസന പ്രവർത്തനങ്ങൾ ബുക്കിലാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രമാണ് ഇടതുമുന്നണി നടത്തുന്നതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നു. ഏതായാലും ആരോപണ പ്രത്യാരോപണം കൊണ്ടും പ്രചാരണ രംഗം കൊഴുക്കുകയാണ്. ഇതിനിടെ തനിക്കെതിരേ അപകീർത്തിപരമായ ആരോപണം ഉന്നയിച്ചുവെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ ദേശാഭിമാനി പത്രത്തിനെതിരേ മാനനഷ്ടക്കേസ് നൽകി. അങ്ങനെ സർവ തന്ത്രങ്ങൾ ഇറക്കിയും തെരഞ്ഞെടുപ്പ് പ്രചാരണം അത്യധികം ആവേശത്തിലാക്കുകയാണ് മുന്നണികൾ. ഓരോ മുന്നണികളുടെയും ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരുമാണ് ചെങ്ങന്നൂരിൽ തമ്പടിച്ചിരിക്കുന്നത്. ഓരോ മുതിർ നേതാക്കളും അവരെ ചുറ്റി 20 ലേറെ ജില്ലാ-പ്രാദേശിക നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സംഘമാണ് ഓരോ പ്രദേശത്തേയും വീടുകൾ കയറിയിറങ്ങി വോട്ടു തേടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയും മണ്ഡലത്തിലെത്തിയതോടെ ആകെ ഇറകിമറിയുന്ന സ്ഥിതിയായി. ത്രിപുര മുഖ്യമന്ത്രിയും ഇന്നലെ ചെങ്ങന്നൂരിലെത്തി. അത്യധികം വാശിയേറിയ പ്രചാരണകോലാഹലമാണ് ചെങ്ങന്നൂരിൽ. മുഖ്യമന്ത്രി ഇന്നലെ 10 കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ഇന്നും പത്തിലേറെ സ്ഥലങ്ങളിലെ പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നുണ്ട്. കൂടാതെ ഇന്ന് വൈകിട്ട് ചെങ്ങന്നൂരിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന റാലിയിലും സംബന്ധിക്കും.
ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ വൈകിട്ട് ആറിന് നടക്കുന്ന ഇടതു റാലി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, എം.പി വീരേന്ദ്രകുമാർ, ജി. സുധാകരൻ, സ്‌കറിയാ തോമസ്, കെ.ബി ഗണേഷ് കുമാർ, മാമ്മൻ ഐപ്പ്, സുൾഫിക്കർ മയൂരി, കെ.എസ് പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിക്കും.
ഇന്നും നാളെയുമായി നടക്കുന്ന യു.ഡി.എഫ് പൊതുയോഗങ്ങളിലും കുടുംബ സംഗമങ്ങളിലും പ്രതിപക്ഷ നേതാവ് രമേശ് ചെനന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് എം.എം ഹസൻ, പി.സി ചാക്കോ, എൻ.കെ പ്രേമചന്ദ്രൻ, കെ.,സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി, സി.പി. ജോൺ, ബെന്നി ബഹനാൻ തുടങ്ങിയവരെല്ലാം പങ്കെടുക്കും.